റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിര്‍മ്മിക്കാനുളള പദ്ധതിയുമായി സൗദി. പ്രതിവര്‍ഷം പത്ത് കോടി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും വിധം അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ വിമാനത്താവളങ്ങൾ നിര്‍മ്മിക്കുക.
വിമാനത്താവള നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റ് അബ്ദുൾ അസീസ് അല്‍ദു അയലിജ് പറഞ്ഞു. റിയാദില്‍ നടക്കുന്ന ഏവിയേഷന്‍ ഫോറത്തിലാണ് പ്രഖ്യാപനം.
പുതിയ വിമാനത്താവളങ്ങൾ വരുന്നതോടെ സൗദിയിലേയും മിഡില്‍ ഈസ്റ്റിലേയും വിനോദസഞ്ചാരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വുണ്ടാകുമെന്നാണ് പ്രതീക്ഷ. നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സൗദിയുടെ ജിഡിപി വളര്‍ച്ചയില്‍ വ്യോമയാന മേഖലയുടെ സംഭാവന മൂന്നിരട്ടിയായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍.