തുർക്കി-സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 3,700 കടന്നു. 14,000ലധികം പേർക്ക് പരിക്കേറ്റതിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ഏറ്റവും ഒടുവിൽ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.
മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിരവധി പേരാണ് ഇപ്പോഴും കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. രാത്രി ഏറെയും വൈകിയും രക്ഷാപ്രവർത്തനം നടന്നിരുന്നു. മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലെത്തിയിട്ടുണ്ട്. ഇന്ത്യയും യുഎഇയും ഉൾപ്പെടെ 45 ലോകരാജ്യങ്ങൾ മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിട്ടുണ്ട്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നഷ്ടങ്ങൾക്കിടയാക്കിയത്.