ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപാലം എന്ന ടാഗ് ലൈനോടെ എത്തുന്ന ട്രാൻസ്ഹാർബർ ലിങ്ക് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. താനെ കടലിടുക്കിനു കുറുകെ, മുംബൈയെയും നവിമുംബൈയെയും ബന്ധിപ്പിക്കുന്നതാണ് കടൽപാലം. പാത തുറക്കുന്നതോടെ മുംബൈ നഗരത്തിൽ നിന്നു നവിമുംബൈയിലേക്കുള്ള യാത്രാസമയം ഇപ്പോഴത്തെ ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി ചുരുങ്ങും. കടൽപാലത്തിലെ ആറുവരി പാതയിലൂടെ പ്രതിദിനം 70,000 വാഹനങ്ങൾ കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്.
ആകെ 21.8 കിലോമീറ്റർ വരുന്ന പാലത്തിൽ 16.5 കിലോമീറ്റർ കടലിനു മുകളിലൂടെയാണ്. സിംഗപുരിലും മറ്റും ഉപയോഗിക്കുന്ന ഓപ്പൺ ടോൾ സംവിധാനമായിരിക്കും പാതയിൽ ഉപയോഗിക്കുക. ജപ്പാൻ ഇന്റർനാഷനൽ കോ–ഓപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 2018 ലാണ് നിർമാണം ആരംഭിച്ചത്. കാറുകൾക്ക് 250 രൂപയാണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്. നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിലേക്ക് ദക്ഷിണ മുംബൈയിൽ നിന്ന് കടൽപ്പാലത്തിലൂടെ എളുപ്പം എത്തിച്ചേരാനാകും.
എല്ലാ വർഷവും 6% വീതം ടോൾനിരക്ക് ഉയർത്തും. 30 വർഷത്തേക്ക് ടോൾപിരിവുണ്ടാകും. രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമെന്നതിനൊപ്പം ലോകത്തെ നീളം കൂടിയ 15 പാലങ്ങളുടെ പട്ടികയിലും ട്രാൻസ്ഹാർബർ ലിങ്ക് ഇടംപിടിക്കും. നീളത്തിൽ ലോകത്ത് പന്ത്രണ്ടാം സ്ഥാനമാണ് ട്രാൻസ്ഹാർബർ ലിങ്കിനുള്ളത്.