ഓരോ ദിവസവും ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ വയനാട് നിവാസികൾ. ആനയുടെ ആക്രമണത്തിന് പിന്നാലെ കടുവയാണ് നാട്ടിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പലമടയിലെ ജനവാസകേന്ദ്രത്തിലിറങ്ങിയ ആനയുടെ അക്രമണത്തിൽ ഒരാൾ മരണപ്പെട്ട സ്ഥലത്തിനടുത്തായാണ് പട്ടാപ്പകൽ കടുവയെ കണ്ടിരിക്കുന്നത്. ജീവനിലുള്ള പേടികൊണ്ട് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ പ്രദേശവാസികൾ.
പടമലപള്ളിയുടെ പരിസരത്ത് വച്ചാണ് കടുവയെ കണ്ടതായി പ്രദേശവാസികളാണ് പറയുന്നത്. രാവിലെയോടെ ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി എന്നിവരാണ് കടുവയെ നേരിൽ കണ്ടത്. പള്ളിയിലേയ്ക്ക് പോകുന്നതിനിടെ പറമ്പിൽ നിന്നും അനക്കം കേട്ടതായും ആനയിറങ്ങിയതിന്റെ ഭയമുള്ളതിനാൽ ശ്രദ്ധിച്ചപ്പോൾ എന്തോ കാടിളകി വരുന്നതുപോലെയുമാണ് ഇവർക്ക് തോന്നിയത്. തുടർന്ന് ആന വരുന്നുണ്ടെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അടുത്ത വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് കടുവ ഓടി മാറുന്നത് കണ്ടത്.
കടുവ റോഡിന് കുറുകെ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതോടെ പകൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പടമലയിലെ നിവാസികൾ. കുട്ടികളെ സ്കൂളിൽ വിടുന്നതിനോ ജോലിക്ക് പോകുന്നതിനോ ഇപ്പോൾ ഭയമാണെന്നും എത്രനാൾ ഇങ്ങനെ വീട്ടിൽ അടച്ചിരിക്കേണ്ടി വരുമെന്ന് അറിയാത്ത അവസ്ഥയിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.10 ഓടെയാണ് പലമടയിലെ ജനവാസമേഖലയിലിറങ്ങിയ ബേലൂർ മഖ്‌ന എന്ന കാട്ടാന അജീഷ് എന്ന യുവാവിനെ ആക്രമിച്ചത്. ആനയെ കണ്ട് അജീഷ് അയൽവീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ ആന വീടിൻ്റെ ഗേറ്റ് തകർത്ത് അകത്തുകടക്കുകയും ആക്രമിക്കുകയുമായിരുന്നു.