വിമാനം വൈകുമെന്ന് അറിയിപ്പ് നൽകിയ പൈലറ്റിനെ മർദ്ദിച്ച് യാത്രക്കാരൻ. ഞായറാഴ്ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകാനെത്തിയ പൈലറ്റിനെ ആക്രമിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള 6ഇ-2175 എന്ന ഇൻഡിഗോ വിമാനം മൂടൽമഞ്ഞിനെ തുടർന്ന് മണിക്കൂറുകളോളം വൈകിയിരുന്നു. വിമാനം വൈകിയതിനെ തുടർന്ന് പൈലറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മഞ്ഞ വസ്ത്രം ധരിച്ച യുവാവ് ദേഷ്യപ്പെട്ടുകൊണ്ട് ഓടിവന്ന് പൈലറ്റിനെ അടിച്ചത്. ഇതേത്തുടർന്ന് യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി അധികൃതർക്ക് കൈമാറി. സംഭവത്തിൽ ഇൻഡിഗോ പരാതിയും നൽകിയിട്ടുണ്ട്.
A passenger punched an Indigo capt in the aircraft as he was making delay announcement. The guy ran up from the last row and punched the new Capt who replaced the previous crew who crossed FDTL. Unbelievable ! @DGCAIndia @MoCA_GoI pic.twitter.com/SkdlpWbaDd
— Capt_Ck (@Capt_Ck) January 14, 2024
രാവിലെ 7.40-ന് പുറപ്പെടേണ്ട ഈ വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്. കനത്ത മൂടൽമഞ്ഞിനേത്തുടർന്ന് ഇന്നലെ ഡൽഹിയിൽ ഇറങ്ങേണ്ട 10 വിമാനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. കൂടാതെ, രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 100 വിമാനങ്ങൾ വൈകുകയും ഏതാനും സർവീസുകൾ റദ്ദാക്കുകയും ചെയ്തു.