കൊച്ചിയിൽ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുല്‍ നായരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് നിലവിലെ സംശയം. രക്ത പരിശോധനാഫലം വന്നാലേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. പാഴ്സലായി വാങ്ങിയ ഷവര്‍മയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചശേഷമാണ് യുവാവിന് ഛര്‍ദ്ദിയും വയറുവേദനയും അടക്കമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതാതെന്ന് ബന്ധുക്കള്‍ പറഞ്ഞു.സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഇന്ന് മരണം സംഭവിച്ചത്.
അതേസമയം ഭക്ഷ്യവിഷബാധയാണോ എന്നു കണ്ടെത്താന്‍ യുവാവിന്റെ രക്തസാംപിള്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. റിസള്‍ട്ട് ലഭിച്ചശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.