ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോർട്ട്. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടർന്ന് നെതന്യാഹു ബൈഡനെ ഫോണിൽ വിളിക്കുകയും ഇതിനിടയിൽ ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡൻ വ്യക്തമാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചാൽ അമേരിക്ക അതിനെ പിന്തുണയ്ക്കില്ല. ഇറാന്റെ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകർക്കാൻ സാധിച്ചത് ഇസ്രായേലിന്റെ വിജയമായി കണക്കാക്കണമെന്നും ജോ ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞു. ഇറാന്റെ 70-ലധികം ഡ്രോണുകളും കുറഞ്ഞത് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും യു.എസ് സേന തടഞ്ഞതായാണ് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വിന്യസിച്ച യുദ്ധക്കപ്പലുകളാണ് ചെറുത്തത്.
ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനും വ്യക്തമാക്കി. തങ്ങൾ ഇറാനുമായി സംഘർഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കാനും ഇസ്രായേലിൻ്റെ പ്രതിരോധത്തെ പിന്തുണയ്ക്കാനും തങ്ങൾ മടിക്കില്ല. ശനിയാഴ്‌ച രാത്രിയിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ധീരരായ യു.എസ് സേനാംഗങ്ങളെ അഭിനന്ദിക്കുന്നു. സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും സഖ്യകക്ഷികളുമായും പങ്കാളികളുമായും കൂടിയാലോചിക്കുമെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.