നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 17-ന് ഗുരുവായൂരെത്തും. ഇതേത്തുടർന്ന് ഭക്തർക്ക് രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ അന്നേദിവസം ഗുരുവായൂരിൽ വിവാഹങ്ങൾക്കും സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെതുത്ത് 17-ന് 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും ഇടയിലാണ് സമയം നൽകിയിരിക്കുന്നത്. അന്ന് ആറ് മണിക്കും ഒൻപതിനും ഇടയിൽ വിവാഹങ്ങൾ ഉണ്ടാകില്ല. കൂടാതെ വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു. ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും നൽകിയാണ് പൊലീസിന്റെ പാസെടുക്കേണ്ടത്. വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമാണ് അനുമതി നൽകിയത്. എന്നാൽ ചോറൂണിനും തുലാഭാരത്തിനും രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ അനുമതിയില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
രാവിലെ 8 മണിക്ക് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി 8.10ന് റോഡ് മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും. പിന്നീട് 8.15-ന് ക്ഷേത്രത്തിൽ ദർശനം നടത്തുകയും 8.45-ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയും ചെയ്ത ശേഷം മോദി മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയിൽ ഒരുക്കുന്നത്. ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. മുമ്പ് ബിജെപിയുടെ നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്.