രണ്ടര വർഷം മുൻപ് മരണപ്പെട്ടയാൾക്ക് ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് 3,500 രൂപ ഫൈൻ അടയ്ക്കാൻ നോട്ടീസ്. കൊല്ലം തലവടി പഞ്ചായത്തിലെ നീരേറ്റുപുറം ചിറമേൽ സി.വി. കുര്യനാണ് നോട്ടീസ് ലഭിച്ചത്. മരിച്ചുപോയ ആൾക്ക് എങ്ങനെയാണ് ഫൈൻ വന്നതെന്ന് അറിയാത്ത അവസ്ഥയിലാണ് കുര്യന്റെ കുടുംബം.
കൊട്ടാരക്കരയിൽ വെച്ചാണ് ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ യാത്ര ചെയ്തതെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ സ്വന്തമായുണ്ടായിരുന്ന ഇരുചക്രവാഹനം 15 വർഷം മുമ്പ് ഇയാൾ വിൽക്കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ഇരുചക്ര വാഹനം ഓടിക്കാൻ സാധിക്കാതെ വന്നതോടെയാണ് വാഹനം ഒരു കച്ചവടക്കാരന് വിറ്റത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതായിരിക്കാം ഫൈൻ വരാനുള്ള കാരണമെന്നാണ് വീട്ടുകാർ പറയുന്നത്.
ഫൈൻ അടയ്ക്കാൻ അവശ്യപ്പെട്ടുള്ള നോട്ടീസിൽ എന്തെങ്കിലും വിശദീകരണം ആവശ്യമുണ്ടെങ്കിൽ 15 ദിവസത്തിനകം കൊല്ലം മിനി സിവിൽ സ്റ്റേഷനിലുള്ള എംവിഡി ഓഫീസിൽ അസൽ രേഖ സഹിതം ഉടമ നേരിട്ടെത്താനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ മരിച്ചുപോയ ആളിനെ എങ്ങനെ എത്തിക്കാനാകും എന്ന ആശങ്കയിലാണ് വീട്ടുകാർ. എന്തായാലും സംഭവം മോട്ടർ വകുപ്പിനെ അറിയിക്കാൻ തന്നെയാണ് കുര്യന്റെ കുടുംബത്തിന്റെ തീരുമാനം.