ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതി ലൈല ഭഗവൽസിങ്ങിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നരബലിക്കേസിലെ മൂന്നാം പ്രതിയാണ് ലൈല. ജസ്റ്റിസ് സോഫി തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. കൂട്ടുപ്രതികളുടെ മൊഴി പ്രകാരം പൊലീസ് തന്നെ മന:പ്പൂർവം പ്രതി ചേർക്കുകയായിരുന്നെന്നും പ്രായമായതിനാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടാക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ സമർപ്പിച്ചത്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നു താനെന്നും ലൈല ജാമ്യഹർജിയിൽ പറഞ്ഞിരുന്നു. ഒരു വർഷമായി ജയിലിൽ കഴിയുകയാണ്. തനിക്കെതിരെ ഒരു തൊണ്ടി മുതൽ പോലും കണ്ടെത്തിയില്ല. കൂട്ടുപ്രതികളുടെ മൊഴി പ്രകാരം പൊലീസ് തന്നെ മന:പ്പൂർവം പ്രതി ചേർക്കുകയായിരുന്നു. പ്രായമായതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ലൈല കോടതിയെ സമീപിച്ചത്. എന്നാൽ സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ വാദം. നേരത്തെ ഇവരുടെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.
എറണാകുളം കാലടി സ്വദേശിനി റോസ്ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിൻ്റെ പല ഭാഗത്ത് സംസ്കരിച്ചെന്നാണ് കേസ്.