വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടുകൾ ഇപ്പോൾ ഒരു ടെന്റിങ് ആയി മാറിയിരിക്കുകയാണ്. മറ്റാരും ചെയ്യാത്ത വിധത്തിലുള്ള ഫോട്ടോകൾ എടുത്ത് മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെയാണ് പലരും ഈ പരിപാടിക്ക് ഇറങ്ങിത്തിരിക്കുന്നത്. ഇപ്പോൾ അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. സംഭവം വൈറലായതോടെ വരന്റെ ജോലിയും തെറിച്ചു.
കർണാടകയിലെ ചിത്രദുർഗ്ഗ ജില്ലാ ആശുപത്രിയിലെ ഡോക്‌ടറായ അഭിഷേക് ആണ് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തി പുലിവാല് പിടിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിനായി അഭിഷേക് തിരഞ്ഞെടുത്തത് ഓപ്പറേഷൻ തിയേറ്ററാണ്. രോഗിയെന്ന വ്യാജേന ഒരാളെ ഓപ്പറേഷൻ ചെയ്യുന്ന ബെഡിൽ കിടത്തിയ ശേഷം അഭിഷേക് ശസ്ത്രക്രിയ ചെയ്യുന്നതും പ്രതിശ്രുതവധു അയാളെ സഹായിക്കുന്നതുമാണ് ചിത്രീകരിച്ചത്. രോഗിയായി കിടന്ന വ്യക്തി ഷൂട്ടിനുശേഷം എഴുന്നേറ്റിരിക്കുന്നതും വീഡിയോ ഷൂട്ട് ചെയ്യാനെത്തിയവർ പൊട്ടിച്ചിരിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.
സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങൾ അധികം വൈകാതെ വീഡിയോ വൈറലുമായി. പിന്നീടുണ്ടായ കാര്യങ്ങൾ പറയേണ്ട ആവശ്യമില്ലല്ലോ. കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആശുപത്രിയിൽ കോൺട്രോക്ട് അടിസ്ഥാനത്തിൽ ഡോക്ടറായി പ്രവർത്തിക്കുന്ന അഭിഷേകിനെ ഉടൻ പിരിച്ചുവിടാൻ ഉത്തരവിടുകയും ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രവർത്തിക്കേണ്ട ആശുപത്രികൾ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും മന്ത്രി നൽകി. എന്തായാലും സംഭവം സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റ് ആയിട്ടുണ്ട്.