നർത്തകനും കലാകാരനുമായ ആർഎൽവി രാമകൃഷ്‌ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരായ കുരുക്ക് മുറുകുന്നു. മുമ്പ് മരുമകൾ നൽകിയ സ്ത്രീധന പീഡന കേസ് പുനരന്വേഷിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. സത്യഭാമയുടെ മകന്റെ ഭാര്യയുടെ പരാതിയിൽ 2022ൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
2022 സെപ്റ്റംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകനും വിവാഹിതരാകുന്നത്. വിവാഹശേഷം സത്യഭാമ മാനസിക-ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതിക്കാരി ആരോപിച്ചത്. വിവാഹസമയത്ത് നൽകിയ 35 പവൻ സ്വർണാഭരണങ്ങൾ സത്യഭാമ ഊരി വാങ്ങിയെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് സത്യഭാമയ്ക്കും മകനുമെതിരെ കേസെടുത്തിരുന്നത്.
പത്ത് ലക്ഷം രൂപ മാതാപിതാക്കളിൽ നിന്ന് വാങ്ങി കൊണ്ടുവരണമെന്നും ഒപ്പം പരാതിക്കാരിയുടെ വീടും സ്ഥലവും മകൻ്റെ പേരിൽ എഴുതി നൽകണമെന്നും നിരന്തരം ആവശ്യപ്പെട്ടു. വീട് എഴുതി നൽകിയ ശേഷം മാത്രം തിരികെ വീട്ടിലേക്ക് വന്നാൽ മതിയെന്ന് പറഞ്ഞ് വീട്ടിൽ കൊണ്ടുവിട്ടു. മാതാപിതാക്കളോടൊപ്പം തിരികെയെത്തിയ പരാതിക്കാരിയുടെ താലി വലിച്ചു പൊട്ടിക്കുകയും മുഖത്ത് കൈ ചുരുട്ടി ഇടിക്കാൻ ശ്രമിക്കുകയും ചെയ്‌തു. കൂടെ വന്ന മാതാപിതാക്കളെയും ഉപദ്രവിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതേത്തുടർന്ന് സത്യഭാമയ്ക്കും മകനുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.