കാർ ഓടിച്ചപ്പോൾ ചെവിയിൽ ഒന്ന് തൊട്ടത് മാത്രമേ ഓർമ്മയുള്ളു. കുറച്ച് ദിവസം കഴിഞ്ഞ് ഒരു പേപ്പർ വീട്ടിലെത്തിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. സ്വന്തം ചെവിയിൽ തൊട്ടതിന് എം.വി.ഡി ചുമത്തിയത് 2,000 രൂപയുടെ ഫൈൻ.
പാലക്കാടായിരുന്നു സംഭവം. കയറംപാറ പാതിരിക്കോട് അറയ്ക്കൽ നാലകത്ത് മുഹമ്മദിനാണ് ഫൈൻ ലഭിച്ചത്. മുഹമ്മദും ഭാര്യാപിതാവും ലക്കിടി-തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു. കാറോടിച്ചിരുന്ന മുഹമ്മദ് ഇടതുകൈ കൊണ്ട് ഇടതുചെവിയിലൊന്ന് തൊട്ടു. എന്നാൽ മിത്രാനന്ദപുരത്തെ എ.ഐ. ക്യാമറ ദൃശ്യങ്ങളെടുത്തത് മൊബൈൽഫോൺ ഉപയോഗിച്ചെന്ന രീതിയിലായിരുന്നു.
ഇതിനിടെ വിദേശത്ത് നിന്ന് അവധിക്കെത്തിയ മുഹമ്മദ് തിരിച്ചുപോവുകയും ചെയ്തു. പിന്നീടാണ് വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് കാണിച്ച് 2,000 രൂപ പിഴയും മുന്നിലിരുന്ന സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപയും ചുമത്തി നോട്ടീസ് വീട്ടിലേയ്ക്കെത്തിയത്. മുഹമ്മദിന്റെ സഹോദരന്റെ പേരിലായിരുന്നു കാറിൻ്റെ ആർ.സി. ഉടൻ വീട്ടുകാർ നോട്ടീസുമായി പാലക്കാട് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് ഓഫീസിലെത്തി.
അധികൃതർ ദ്യശ്യങ്ങൾ പരിശോധിച്ചപ്പോൾ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന കാര്യം വ്യക്തമായി. ഇതോടെ മറ്റ് വഴികളില്ലാതെ എം.വി.ഡി ഉദ്യോഗസ്ഥർ പിഴ ഒഴിവാക്കുകയും ചെയ്തു.