താനൂരിൽ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി.ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസിൽ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി അറിയിച്ചു.
ബോട്ട് സർവീസിന് അനുമതി ലഭിച്ചതിലുണ്ടായ വീഴ്ചകൾ അന്വേഷണ പരിധിയിൽ വരും. തെരച്ചിൽ നിർത്തുന്നത് മന്ത്രി ഉൾപ്പെട്ട അവലോകനം യോഗം ചേർന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ അദ്ദേഹം ആരെയെങ്കിലും കാണാതായെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അപകടത്തിൽ കൂടുതൽ പേരെ കാണാതായെന്ന് ഇതുവരെ പരാതികളില്ലെന്ന് പറഞ്ഞ അദ്ദേഹം ബോട്ടിനു പെർമിറ്റ്, അനുമതി എന്നിവ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കുമെന്നും ബോട്ട് സാങ്കേതിക വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കുമെന്നും പറഞ്ഞു.
മരിച്ച പോലീസുകാരൻ സബറുദ്ദീൻ ഡാൻസാഫ് താനൂർ ടീം അംഗമായിരുന്നെന്ന് എസ്പി പറഞ്ഞു. ഡ്യൂട്ടിക്കിടെ ആണ് സബറുദ്ദീന് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിക്കണം. ബോട്ടപകടവുമായി ബന്ധപ്പെട്ട് നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.