സ്വർണ കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും പി എസ് സരിത്തും മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. ഇരുവരും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതിയെ തുടർന്ന് എടുത്ത കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ് ജാമ്യം തേടുന്നത്. ഇന്ന് തന്നെ സ്വപ്നയുടെ അഭിഭാഷകർ കോടതിയെ സമീപിക്കും.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്കും വെളിപ്പെടുത്തലിനും പിന്നാലെ സരിത്തിനെ ഇന്നലെ വിജിലൻസ് സംഘം കൊണ്ടുപോയിരുന്നു. സരിത്തിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് വിജിലൻസ് അറിയിക്കുകയും ചെയ്തു.
പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരം യൂണിറ്റിനു കൈമാറുമെന്നാണ് വിവരം. ലൈഫ് മിഷൻ കേസിലെ തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം. എന്നാൽ ലൈഫ് മിഷൻ കേസിന്റെ സമയത്ത് ഉപയോഗിച്ചത് ഈ ഫോൺ അല്ലെന്നാണ് സരിത്തിന്റെ വാദം.