മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂർദ് മാതാവിന്റെ പള്ളിയിൽ സമർപ്പിച്ച സ്വർണ കിരീടത്തേക്കുറിച്ചുള്ള വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വീണ്ടുമൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വർണം നേർച്ച നൽകുമെന്നാണ് നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി പറഞ്ഞത്. തിരഞ്ഞെടുപ്പിൽ തൃശൂരിലാണ് താരം മത്സരിക്കാനിറങ്ങുന്നത്.
ലൂർദ് മാതാവിന്റെ പള്ളിയിൽ സമർപ്പിച്ച കിരീടം സ്വർണമല്ലെന്ന രീതിയിൽ വ്യാപകമായി നടക്കുന്ന പ്രചാരണത്തിലും താരം പ്രതികരിച്ചു. “നേർച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആൾക്കാർ എന്നെ നയിക്കുകയാണ്. കിരീടം പണിയാൻ കൊടുത്ത സ്വർണത്തിൽ പകുതിയും പണിതയാൾ തിരിച്ചുനൽകി. അതുചേർക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കിൽ 18 കാരറ്റ് സ്വർണമായിരിക്കണം. അതിനു തയാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാർ അതു ചുരണ്ടാൻ വരുമോ?
എന്റെ ആചാരപ്രകാരമാണ് കിരീടം സമർപ്പിച്ചത്. നീചമായ വർഗീയ പ്രചാരണമാണ് നടക്കുന്നത്. ആരാണ് വർഗീയത പ്രചരിപ്പിക്കുന്നതെന്ന് മനസ്സിലായില്ലേ? എത്രയോ ആളുകൾ ചെയ്യുന്നു. ഞാൻ ചെയ്തതിനേക്കാൾ മേലെയും താഴെയും ചെയ്യുന്നവരുണ്ട്. മാതാവ് അത് സ്വീകരിക്കും. എൻ്റെ ത്രാണിക്കനുസരിച്ചാണ് കിരീടം നൽകിയത്. വിശ്വാസികൾക്ക് അത് പ്രശ്നമല്ല. കിരീടത്തിന്റെ കണക്കെടുക്കാൻ നടക്കുന്നവർ കരുവന്നൂർ അടക്കം സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണം” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
മകളുടെ വിവാഹത്തിന് മുൻപായി ലൂർദ് മാതാവിന് സ്വർണക്കിരീടം സമർപ്പിക്കുമെന്ന് നേർച്ചയുണ്ടായിരുന്നതായി വ്യക്തമാക്കിയാണ് സുരേഷ് ഗോപി മുമ്പ് കുടുംബത്തോടൊപ്പമെത്തി കിരീടം സമർപ്പിച്ചത്. എന്നാൽ സ്വർണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണം പൂശി നൽകിയെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതിൽ പ്രചരിച്ചിരുന്നു.