ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും അതിഗംഭീര വിജയം സ്വന്തമാക്കിയ എൻ.ഡി.എ നേതാവ് സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്തേയ്ക്ക്. കാബിനറ്റ് പദവിയോ സഹമന്ത്രി സ്ഥാനമോ ആയിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നാണ് സൂചന. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് നിർണായക യോഗം ചേരും. എൻഡിഎ പാർലമെന്ററി പാർട്ടി യോഗം രാവിലെ ചേരും. യോഗത്തിൽ നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുക്കും. യോഗത്തിനുശേഷം നരേന്ദ്രമോദിയും എംപിമാരും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. എൻഡിഎയിലെ നിർണായക കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാർ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്ട്രപതിയെ കാണുമെന്നാണ് റിപ്പോർട്ട്.
ആർക്കൊക്കെ മന്ത്രിസ്ഥാനങ്ങൾ നൽകണമെന്നതിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേരളത്തിൽ നിന്നുള്ള ഏക എംപി സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. അതേസമയം, ഒഴിവ് വരുന്ന മുറയ്ക്ക് കെ. സുരേന്ദ്രന് രാജ്യസഭാ സീറ്റ് നൽകുമെന്നും രാജ്യസഭയിലേക്ക് പോയാലും സംസ്ഥാന പ്രസിഡൻ്റ് പദവി രാജിവെയ്ക്കേണ്ട ആവശ്യമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചതായാണ് റിപ്പോർട്ട്.