ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയാചിച്ച മറിയക്കുട്ടിയെ കാണാൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി എത്തി. ബിജെപി നേതാക്കൾക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു.ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താൻ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നത്. വേറെ ഒന്നും വേണ്ട. ഇവനെ ഒന്ന് ഇറക്കിതന്നാൽ മതിയെന്ന് മറിയക്കുട്ടി പറഞ്ഞു കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താൻ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. ബിജെപിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുകയാണ്. തനിക്ക് മഞ്ഞ കാർഡ് ഇല്ല. അത് സിപിഎം-കാർക്കുള്ളതാണ്.
പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറഞ്ഞു. ഇത് പാവങ്ങൾക്കുള്ള പെൻഷൻ നൽകാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് ആ രണ്ട് രൂപ നൽകില്ലെന്ന് ജനങ്ങൾ തീരുമാനിക്കണം. ഇന്ത്യൻ ഓയിൽ അടക്കമുള്ള കമ്പനികൾക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതണം. ഈ സർക്കാരിനെ നമ്പാൻ കൊള്ളത്തില്ല, പാവങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി പറഞ്ഞു.
നിങ്ങൾ ഇവർ പറയുന്നത് സെൻസർ ചെയ്തേ കൊടുക്കാവൂ, അമ്മയ്ക്ക് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടാവരുത്. നിങ്ങൾക്ക് അവരെ ഒക്കെ നന്നായി അറിയാം. വളരെ ശ്രദ്ധിച്ചേ കൊടുക്കാൻ പാടുള്ളൂ എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) കഴിഞ്ഞ ചൊവ്വാഴ്ചയാണു ഭിക്ഷയെടുത്തു പ്രതിഷേധിച്ചത്.