തൃശൂരിലെ നിയുക്ത എംപിയും നടനുമായ സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് സൂചന. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ താരം ഇതുവരെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ഡൽഹിയിലേയ്ക്ക് പുറപ്പെട്ടിട്ടില്ല. ഇന്ന് രാവിലെ ഡൽഹിയിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന സുരേഷ്‌ഗോപി നിലവിൽ തിരുവനന്തപുരത്ത് തന്നെ തുടരുന്നതായാണ് വിവരം.
അതേസമയം, 12.30ന് സുരേഷ് ഗോപി ഗൽഹിയിലേയ്ക്ക് പോകുമെന്നും സൂചനയുണ്ട്. നിലവിൽ നാല് സിനിമകൾ ചെയ്യുന്നതിനായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ടെന്നും സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് സുരേഷ്‌ഗോപിയുടെ യാത്ര വൈകുന്നത് എന്നാണ് അറിയുന്നത്.
ഇന്ന് വൈകുന്നേരം 7.30ന് രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ചാണ് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. രണ്ട് ഘട്ടമായിട്ടായിരിക്കും മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ബിജെപിയിലെയും ഘടകകക്ഷികളിലേയും പ്രധാനപ്പെട്ട നേതാക്കൾ മാത്രമായിരിക്കും ഇന്ന് മന്ത്രിമാരായും സഹമന്ത്രിമാരായും ചുമതലയേൽക്കുക. ജി7 ഉച്ചകോടി കഴിഞ്ഞ് 15-ന് പ്രധാനമന്ത്രി മടങ്ങിവന്നശേഷമാകും മന്ത്രിസഭയുടെ രണ്ടാംഘട്ട വികസനം ഉണ്ടാവുക. ഈ ഘട്ടത്തിലാവും സുരേഷ് ഗോപിയെ പരിഗണിക്കുക എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.