ബലാത്സംഗ കേസുകളിലെ കന്യകാത്വ പരിശോധന പ്രാകൃതമാകരുതെന്ന് സുപ്രീം കോടതി. ഇരയെ അപമാനിക്കുന്ന തരത്തിലുളള പരിശോധനകൾ ഒഴിവാക്കണമെന്നും ശാസ്ത്രീയ അടിത്തറിയില്ലാത്ത പരിശോധനകൾ നടത്തുന്നവര്‍ക്കെതിരേ കേസെടുക്കണമെന്നും കോടതി നിര്‍ദ്ദേശം. ഒരു ബലാത്സംഗ കേസിനോട് അനുബന്ധിച്ച് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് വിധി പുറപ്പെടുവിച്ചത്.
അശാസ്ത്രീയ പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ടിഎഫ്ടി എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന ഇരട്ടവിരല്‍ പരിശോധന അശാസ്ത്രീയമാണെന്നാണ് കോടതിയുടെ നിരീക്ഷണം. വിരലുകൾ ഉപയോഗിച്ചുളള കന്യകാത്വ പരിശോധനാ രീതിയാണിത്. ലൈംഗികാവയവങ്ങളില്‍ പ്രാക്യതമായ രീതിയില്‍ പരിശോധന നടത്തുന്നത് സ്ത്രികളുടെ അന്തസ്സിന് എതിരാണെന്നാണ് വാദം. വൈദ്യ പഠന മേഖലയിലെ പാഠ്യപദ്ധതിയില്‍നിന്ന് രണ്ട് വിരൽ പരിശോധന സംബന്ധിച്ച ഭാഗം നീക്കാനും സുപ്രീം കോടതി നിർദേശിച്ചു.
തെറ്റായ പരിശോധനകൾ ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ ഇരയുടെ സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മുന്‍ കോടതി വിധികളുെടേയും റിപ്പോര്‍ട്ടിന്‍റേയും ഭേദഗതിയെന്ന നിലയിലാണ് കോടതിയുടെ ഇടപെടല്‍. അശാസ്ത്രീയമായ പരിശോധനകൾ ഇപ്പോഴും നടക്കുന്നത് ദുഃഖകരമാണെന്ന് ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.