വീട്ടുജോലിക്കാരിയുടെ മകളെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് നടി സണ്ണി ലിയോൺ. ഒൻപത് വയസുള്ള കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപയാണ് താരം വാഗ്ദാനം ചെയ്തിരിക്കുന്നത്. കുട്ടിയുടെ പേരും ഫോട്ടോയും അഡ്രസും ഉൾപ്പെടെയാണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.
മുംബൈയിലെ ജോഗേശ്വരി ഭാഗത്തുവെച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്തുന്നവർ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നാണ് സണ്ണി ലിയോൺ ആവശ്യപ്പെടുന്നത്. കുട്ടിയെ തിരിച്ചെത്തിക്കുകയോ കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം നൽകുകയോ ചെയ്യുന്നവർക്ക് പണമായി ഉടൻ 11,000 രൂപ നൽകും. ഇതിനുപുറമെ തന്റെ കയ്യിൽ നിന്ന് വ്യക്തിപരമായി 50,000 രൂപകൂടി നൽകുമെന്നും സണ്ണി ലിയോൺ പറഞ്ഞു.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ അതീവ ദു:ഖിതരാണെന്നും ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നും എല്ലാവരും കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്നും സണ്ണി ലിയോൺ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോൺ നമ്പറുകളും താരം കുറിപ്പിനോടൊപ്പം ചേർത്തിട്ടുമുണ്ട്.