അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഇനി 6 മാസം കൂടി കാത്തിരിക്കണം. 2025 ഫെബ്രുവരി മാസത്തോടെയായിരിക്കും ഭൂമിയിലേക്ക് എത്തിക്കാനാകുക എന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം. പേടകത്തിന്റെ തകരാർ ഇതുവരെ പരിഹരിക്കാൻ സാധിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് റിപ്പോർട്ട്.
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേയ്ക്ക് പോയ സുനിതാ വില്യംസും സഹയാത്രികൻ ബുഷ് വിൽമോറും ഏകദേശം രണ്ട് മാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിൽ കണ്ടെത്തിയ ഹീലിയം ചോർച്ചയും പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും പരിഹരിക്കാൻ സാധിക്കാതെ വന്നതോടെയാണ് മടക്കയാത്ര അനിശ്ചിതത്വത്തിലായത്.
2025 ഫെബ്രുവരിയിൽ ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗണിൽ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം. നാല് ബഹിരാകാശ സഞ്ചാരികളെയും കൊണ്ടാണ് ബഹിരാകാശ നിലയത്തിലേയ്ക്ക് സ്പേസ് എക്സ് ക്രൂ 9 യാത്ര തിരിക്കുന്നത്. ആഗസ്റ്റ് 18 ന് ക്രൂ-9 വിക്ഷേപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
ജൂൺ ഏഴിനാണ് സുനിത വില്യംസും ബുഷ് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. 13-ാം തിയതി മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ ഇത് ജൂൺ 18ലേക്കും പിന്നീട് 23ലേക്കും മാറ്റി. മടക്കയാത്രയ്ക്കായി പേടകത്തിന്റെ പരിശോധനകൾ നടക്കുന്നതിനിടെയാണ് തകരാർ കണ്ടെത്തിയത്. ഇത് പരിഹരിച്ചുവരികയാണെന്ന് പിന്നീട് നാസ അറിയിച്ചതായാണ് റിപ്പോർട്ട്.