തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി തൊഴില്‍ കോടതി. സ്വകാര്യ മേഖലായിലുള്ള സ്ഥാപന മേധാവികള്‍ക്കായി നടത്തിയ വെര്‍ച്വല്‍ നിയമ സാക്ഷരത സെഷനിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ തൊഴില്‍ തര്‍ക്ക കേസുകള്‍ ഉണ്ടാകുന്നത് വര്‍ധിച്ചതോടെയാണ് നടപടി.
അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, അബുദാബി ജുഡീഷ്യല്‍ വകുപ്പ് എന്നിവ സംയുക്തമായാണ് നിയമസാക്ഷരത സെഷന്‍ നടത്തിയത്. എമിറേറ്റിൽ നടപ്പാക്കിയ പുതിയ തൊഴില്‍ നിയമങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് സ്വകാര്യ സ്ഥാപന മേധാവികള്‍ക്ക്
കോടതി നിര്‍ദേശം നല്‍കി.
തൊഴില്‍ നിയമത്തില്‍ പുതുതായി കൊണ്ടുവന്ന നിയമങ്ങൾ തൊഴിലാളികൾക്കും തൊഴില്‍ ഉടമകൾക്കും ഒരുപോലെ അവകാശങ്ങള്‍ ഉണ്ടാകുന്നതിനെ സംബന്ധിച്ചുള്ളതാണെന്ന് ലേബര്‍ കോടതി ഉപമേധാവി വിശദീകരിച്ചു. തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തൊഴിലുടമകള്‍ അറിഞ്ഞിരിക്കണമെന്നും നിയമം അറിയില്ലെന്ന കാരണത്താൽ നിയമം ലംഘിക്കുന്നത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.