ഏകദിന ചരിത്രത്തിൽ ആദ്യമായി 400 റൺസിന് മുകളിൽ സ്കോർ നേടി സിംബാബ്‌വെ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അമേരിക്കക്കെതിരെ ആയിരുന്നു സിംബാബ്‌വെയുടെ തകർപ്പൻ പ്രകടനം. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 408 റൺസെടുത്ത സിംബാബ്‌വെ ഏകദിനത്തിൽ 400 റൺസോ അതിന് മുകളിലോ സ്കോർ ചെയ്യുന്ന ഏഴാമത്തെ ടീമായി മാറി.
യുഎസ്എയെ വെറും 104 റൺസിന് പുറത്താക്കി 304 റൺസിന്റെ കൂറ്റൻ ജയം ടീം സ്വന്തമാക്കി. ഏകദിനത്തിൽ റൺസ് അടിസ്ഥാനത്തിൽ ഒരു ടീം നേടുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന വിജയമാണിത്. ഈ വർഷം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 317 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പേരിലാണ് ഉയർന്ന മാർജിനിലുള്ള വിജയത്തിന്റെ റെക്കോഡ്. ഏകദിനത്തിൽ സിംബാബ്‌വെയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്.
ക്യാപ്റ്റൻ സീൻ വില്യംസിന്റെ സെഞ്ചുറി മികവിലാണ് സിംബാബ്‌വെ മികച്ച സ്കോർ നേടിയത്. 101 പന്തുകൾ നേരിട്ട വില്യംസ് 21 ഫോറും അഞ്ച് സിക്സുമടക്കം 174 റൺസെടുത്ത് പുറത്തായി. ഓപ്പണർ ജോർഡ് ഗംബി 103 പന്തിൽ നിന്ന് 78 റൺസെടുത്തു. സിംബാബ്‌വെ സ്കോർ 400 കടക്കാൻ സഹായിച്ചത് 27 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 48 റൺസടിച്ച സിക്കന്ദർ റാസയുടെയും 16 പന്തിൽ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 47 റൺസടിച്ച റയാൻ ബേളിന്റെയും മികച്ച പ്രകടനങ്ങളാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയ്ക്ക് സിംബാബ്‌വെ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.