ഖേല്‍രത്‌ന – അര്‍ജുന അവാര്‍ഡുകള്‍ തിരിച്ച് നല്‍കാനൊരുങ്ങി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഖേല്‍രത്‌ന-അര്‍ജുന അവാര്‍ഡുകള്‍ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് താരം കത്തയച്ചു.
ലൈംഗികാരോപണവിധേയനായ ബിജെപിയുടെ ലോക്‌സഭാംഗം ബ്രിജ്‌ഭൂഷൻ്റെ അനുയായി സഞ്ജയ് സിങ്ങിനെ ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക് ബൂട്ടഴിച്ചുവെച്ച് ഗുസ്തി വേദി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്‌രംഗ് പുനിയ തന്റെ പദ്‌മശ്രീ മടക്കി നൽകിയും പ്രതിഷേധിച്ചു. പിന്നാലെ ബധിര ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.
തുടർന്നാണ് വിനേഷ് ഫോഗട്ടും അവാർഡുകൾ തിരികെ നൽകുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ നീതികിട്ടാതായതോടെ ഗുസ്തി താരങ്ങൾ ഒന്നടങ്കം നിരാശയിലായിരിക്കുകയാണ്. എങ്കിലും സാധ്യമായ വഴികളിലൂടെ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കുകയാണ് താരങ്ങൾ.