ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി ഉഷയ്ക്കെതിരെ കടുത്ത വിമർശനമുയർത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഓളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ വിമർശനം. ആശുപത്രിയിൽ അഡ്മിറ്റാക്കപ്പെട്ട തന്നെ കാണാൻ വന്ന പി.ടി ഉഷ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും താൻ അറിയാതെ ഒരു ഫോട്ടോ എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് വിനേഷ് തുറന്നടിച്ചത്.
ഉഷയിൽ നിന്ന് ആത്മാർത്ഥമായ യാതൊരു പിന്തുണയും തനിക്ക് ലഭിച്ചില്ലെന്നും വിനേഷ് കൂട്ടിച്ചേർത്തു. പാരീസ് ഒളിമ്പിക്സ് ഫൈനലിലെത്തിയ വിനേഷിനെ അനുവദനീയമായതിലും 100 ഗ്രാം ഭാരക്കൂടുതലിനെ തുടർന്ന് ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയാക്കിയിരുന്നു. ഭാരം കുറയ്ക്കാനുള്ള കഠിന ശ്രമം നടത്തിയ വിനേഷിന് ഒടുവിൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഈ സമയത്തായിരുന്നു പി.ടി ഉഷ വിനേഷിനെ കാണാനെത്തിയത്.
“എന്തു പിന്തുണയാണ് എനിക്കവിടെ കിട്ടിയതെന്ന് അറിയില്ല. പി.ടി ഉഷ മാഡം എന്നെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. രാഷ്ട്രീയത്തിൽ പല കാര്യങ്ങളും നടക്കുന്നത് തിരശ്ശീലയ്ക്ക് പിന്നിലാണ്. അതുപോലെ പാരീസിലും രാഷ്ട്രീയമാണ് നടന്നത്. അതാണ് എന്റെ ഹൃദയം തകർത്തത്. ഗുസ്തി വിടരുതെന്ന് ഒരുപാട് ആളുകൾ പറഞ്ഞു. എല്ലായിടത്തും ഈ രാഷ്ട്രീയമുള്ളപ്പോൾ ഞാനെന്തിന് ഗുസ്തിയിൽ തുടരണം” എന്നാണ് വിനേഷ് പറഞ്ഞത്.
അതോടൊപ്പം തന്റെ അയോഗ്യതയ്ക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകിയെന്നും താൻ മുൻകൈയെടുത്താണ് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയതെന്നും താരം വ്യക്തമാക്കി.