ഈ വർഷത്തെ ലോക സീനീയർ വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിന് റിയാദിൽ ഗംഭീര തുടക്കം. ഇൻറർനാഷണൽ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡൻറ് മുഹമ്മദ് ജലൂദിന്റെയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ദേശീയ ഫെഡറേഷനുകളുടെ തലവന്മാരുടെയും സാന്നിധ്യത്തിൽ റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക്‌സ് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിലാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലിനുവേണ്ടി സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച മത്സരങ്ങൾ ഈ മാസം 17 നാണ് സമാപിക്കുക.
അതേസമയം വിവിധ ഭാര വിഭാഗങ്ങളിലായി ആറ് ഇന്ത്യൻ താരങ്ങളും മത്സരിക്കുന്നുണ്ട്. 109 കിലോ പുരുഷ വിഭാഗത്തിൽ ഗുരുദീപ് സിങ്, 73 കിലോ പുരുഷ വിഭാഗത്തിൽ അച്ചിന്ദ ഷൗലി, അജിത് നാരായൻ, 61 കിലോ വിഭാഗത്തിൽ സുഭം തനാജി തോഡ്കർ, 55 കിലോ വനിതാവിഭാഗത്തിൽ ബിന്ദ്ര്യാനി ദേവി, 49 കിലോ വനിതാ വിഭാഗത്തിൽ മീരാഭായ് ചാനു, എന്നിവരാണ് ഇന്ത്യൻ കരുത്ത് തെളിയിക്കാനായി റിയാദിൽ എത്തിയിരിക്കുന്നത്.
ഒരു വർഷം മുമ്പാണ് ലോക സീനിയർ വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിന് റിയാദ് ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. അന്ന് മുതൽ സംഘാടക സമിതി ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. വിസ നൽകൽ, പങ്കെടുക്കുന്ന ആളുകളെ ഉൾക്കൊള്ളുന്നതിന് വേണ്ടി ഒമ്പത് ഹോട്ടലുകൾ തെരഞ്ഞെടുക്കൽ, ലോജിസ്റ്റിക് ക്രമീകരണങ്ങൾ ഒരുക്കൽ, മെഡിക്കൽ, മീഡിയ, അഡ്മിനിസ്ട്രേറ്റീവ്, സന്നദ്ധസേവനം എന്നീ സംഘങ്ങളുടെ ക്രമീകരണം, വെയ്റ്റ്ലിഫ്റ്റ് ഉപകരണങ്ങളിൽ വിദഗ്ധരായ അന്താരാഷ്ട്ര കമ്പനികളുമായി കരാറുകളുണ്ടാക്കൽ എന്നിവ നേരത്തേ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
ഇത് കൂടാതെ കായിക താരങ്ങളെ റസിഡൻസ് ഹാളിൽ നിന്ന് പരിശീലനത്തിനും തുടർന്ന് മത്സര ഹാളിലേക്കും കൊണ്ടുപോകുന്നതിന് പ്രത്യേകം 20 ബസുകൾ, കായികതാരങ്ങൾക്കായി പരിശീലനത്തിന് 70ലധികം പരിശീലന പ്ലാറ്റ്‌ഫോമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മത്സരാർത്ഥികൾക്കുള്ള പരിശീലന ഷെഡ്യൂൾ രാവിലെ എട്ട് മണി മുതൽ രാത്രി 10 മണി വരെയാണ്. അതിവേഗ ഇൻറർനെറ്റ് കണക്ഷൻ സേവനം, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം മാധ്യമ പ്രവർത്തകർക്ക് സൗകര്യമൊരുക്കാൻ മീഡിയ സെൻറർ, ഡൈനിങ് കോർണർ, എന്നിവയും സംഘാടന സമിതി ഒരുക്കിയിട്ടുണ്ട്. കൂടാതെ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യ പ്രവേശനമാണ് അനുവദിച്ചിട്ടുള്ളതെന്നും സംഘാടക സമിതി അറിയിച്ചു.