ഫിഫ ലോകകപ്പിന്‍റെ ആദ്യമത്സരം മുതലുളള ആവേശവും അട്ടിമറികളും അവസാനിച്ചിട്ടില്ല. കിരീട സാധ്യതകളുമായി ഖത്തറിലെത്തിയ ബ്രസീലും സ്പെയിനും പോര്‍ച്ചുഗലും ഉൾപ്പെട വമ്പന്‍മാര്‍ മുട്ടുകുത്തിയെങ്കിലും കാട്ടുകുതിരകളെപ്പോലെ കുതിച്ചെത്തിയ മൊറോക്കോയും ക്രോയേഷ്യയും സെമിയെ പ്രവചനാതീതമാക്കുകയാണ്.
ഡിസംബര്‍ 13ന് അര്‍ജന്റീന ക്രൊയേഷ്യയേയും ഡിസംബര്‍ 14ന് മൊറൊക്കോ ഫ്രാന്‍സിനേയും സെമിയില്‍ നേരിടും. കപ്പിനും ചുണ്ടിനും ഇടിയില്‍ വെറും രണ്ടു വിജയം മാത്രമാണ് ഓരോ ടീമിനും മുന്നിലുളളത്. ആര് കപ്പടിച്ചാലും പുതുചരിത്രമെഴുതാനുളള തയ്യാറെടുപ്പിലാണ് ഖത്തര്‍.
അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടുഗോളിന് തകർത്താണ് ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തിയത്. ഫ്രാൻസിനായി ഓർലൈൻ ചൗമെനിയും ഒളിവർ ജിറൂവും ഗോളടിച്ചു വലകിലുക്കി. ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്‌നാണ് ലക്ഷ്യം കണ്ടത്. പെനൽറ്റിയിൽനിന്നായിരുന്നു ഇംഗ്ളണ്ടിന്റെ ഗോൾ.
ഇതിനിടെ പോർച്ചുഗലിനെ അട്ടിമറിച്ച് സെമിയിലെത്തിയ മൊറോക്കോയെ അഭിനന്ദിച്ച് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തി. ലോകകപ്പിൽ ആരും മൊറോക്കോയ്ക്ക് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞു. അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങൾ സാക്ഷാത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ.
കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയുടെ മുന്നേറ്റവും പ്രവചനാതീതമായിരുന്നു. ബ്രസീലിനെ കരയിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. അതേസമയം ഗോൾഡന്‍ ബൂട്ടിനായി മത്സരിക്കുന്ന അര്‍ജന്റീനയുടെ മെസ്സിയും പട്ടികയില്‍ മുന്നിലുളള ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയും തമ്മിലുളള പൊരാട്ടവും ശ്രദ്ധേയമാവുകയാണ്. ഇരുവരും ഫോമില്‍ തുടരുന്നതിനാല്‍ അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ സ്വപ്നം കാണുന്നവരും കുറവല്ല.