ഇന്ത്യ-പാകിസ്താൻ ഏകദിന ലോകകപ്പ് മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരത്തിന്റെ തിയതി മാറ്റിയത്. മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ 15ന് നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിനാൽ സുരക്ഷാ ഭീഷണി മുൻനിറുത്തിയാണ് ബിസിസിഐ പുതിയ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
നവരാത്രി ഗുജറാത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായതിനാൽ നഗരത്തിലെ തിരക്ക് കണക്കിലെടുത്ത് സുരക്ഷാ ഏജൻസികൾ മത്സരത്തിന്റെ തീയതി മാറ്റാൻ ബിസിസിഐയോട് നിർദേശിച്ചതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടായേക്കും. സമയക്രമം പുനഃപരിശോധിക്കാൻ ജൂലൈ 27ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
നിലവിലെ സമയക്രമം അനുസരിച്ച് ഒക്ടോബർ 14ന് രണ്ട് മത്സരങ്ങൾ നിശ്ചയിട്ടുണ്ട്. ന്യൂസീലൻഡ്-ബംഗ്ലാദേശ് മത്സരവും ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാൻ മത്സരവുമാണ് 14ന് തീരുമാനിച്ചിരിക്കുന്നത്. മത്സരങ്ങളുടെ സമയക്രമത്തിൽ മാത്രമേ മാറ്റമുണ്ടാവുകയുള്ളൂ എന്നും വേദിയിൽ മാറ്റില്ലെന്നും ജയ് ഷാ പറഞ്ഞു.