ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 7 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം. ജയത്തോടെ ഇന്ത്യ പോയിന്‍റ് ടേബിളിൽ ഒന്നാമതെത്തി. വ്യാഴാഴ്ച ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയത് വിരാട് കോലി (16). കോലി പെട്ടന്ന് മടങ്ങിയെങ്കിലും രോഹിത്തിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങുന്നത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനാണ് രോഹിത് ക്യാച്ച് നല്‍കിയത്. 63 പന്തുകല്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറും നേടിയിരുന്നു. വൈകാതെ കെ എല്‍ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഇതിനിടെ ഏകദിനത്തിൽ 300 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം രോഹിത് സ്വന്തം പേരിൽ കുറിച്ചു. ഷഹീദ് അഫ്രീദി, ക്രിസ് ഗെയിൽ എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് രോഹിത്. സ്കോർ 79ൽ നിൽക്കേ വിരാട് കോലി പുറത്തായി. ഹസൻ അലിയുടെ പന്തിൽ മുഹമ്മദ് നവാസ് പിടിച്ച് പുറത്താക്കുകയായിരുന്നു, 18 പന്തിൽ 16 റൺസാണ് കോലിയുടെ സംഭാവന.