ബംഗളൂരുവിൽ ദിവസങ്ങൾ കഴിയുംതോറും ജലക്ഷാമം രൂക്ഷമാകുകയാണ്. അതുകൊണ്ടുതന്നെ അധികൃതർ വെള്ളം ഉപയോഗിക്കുന്നതിന് ജനങ്ങൾക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഐപിഎൽ ട്വൻ്റി 20 മത്സരങ്ങളുടെ വേദി മാറ്റുമോ എന്നതാണ് ക്രിക്കറ്റ് ആരാധകരുടെ പ്രധാന ചോദ്യം.
ഇതുമായി ബന്ധപ്പെട്ട് കർണാടക ക്രിക്കറ്റ് അസോസിയേഷനുമായി ഉടൻ ചർച്ച നടത്തുമെന്നാണ് ജല അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിൻ്റെ 3 മത്സരങ്ങളാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കുടിക്കാനുള്ള വെള്ളത്തിന് പോലും ബംഗളൂരു മഹാനഗരസഭ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവും ഉയരുകയാണ്.
മാർച്ച് 22 മുതലാണ് ടി20 ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ് കൊമ്പ് കോർക്കുക. ചെന്നൈ ടീമിൻ്റെ ഹോം ഗ്രൗണ്ടായ ചിദംബരം സ്റ്റേഡിയത്തിൽ വെച്ച് രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. എന്നാൽ മറ്റ് ദിവസങ്ങളിലെ മത്സരങ്ങൾ 7.30-നായിരിക്കും നടത്തപ്പെടുക.