ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഐപിഎല്ലിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണിയെ കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും വിലക്കണമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. 2019 ഐപിഎല്ലിനിടെ ആരാധകരെ ഞെട്ടിച്ച് ധോണി ഗ്രൗണ്ടിൽ നിന്നും ഇറങ്ങിപ്പോയ സംഭവത്തിൽ നടപടി വേണമായിരുന്നുവെന്നാണ് സേവാഗ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
“ധോണിയെ ഈ കാര്യത്തിൽ കുറഞ്ഞത് രണ്ടോ മൂന്നോ മത്സരങ്ങളിൽ നിന്ന് വിലക്കണമായിരുന്നു. കാരണം ധോണി അതു ചെയ്തെങ്കിൽ, നാളെ മറ്റേതെങ്കിലും ക്യാപ്റ്റൻമാരും ചെയ്യാൻ ശ്രമിക്കും. അങ്ങനെയെങ്കിൽ അംപയർമാർക്ക് എന്താണു വില? ചെന്നൈയുടെ രണ്ട് താരങ്ങൾ അപ്പോൾ തന്നെ ഗ്രൗണ്ടിലുണ്ട്. അതുകൊണ്ട് ധോണി ഗ്രൗണ്ടിൽ ഇറങ്ങേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല“ സേവാഗ് പറഞ്ഞു.
ചെന്നൈ – രാജസ്ഥാൻ മത്സരത്തിനിടെ നോ ബോളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഡഗ് ഔട്ടിൽനിന്ന് ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ചെന്നൈയ്ക്ക് ബാറ്റിങ്ങിനിടെ അംപയർ നോബോൾ ആനുകൂല്യം നൽകാതിരുന്നതോടെ ധോണി തർക്കിച്ചുകൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. ഈ നടപടിയുടെ പേരിൽ ധോണിയെ കുറഞ്ഞത് രണ്ടോ, മൂന്നോ മത്സരങ്ങളിൽ എങ്കിലും വിലക്കണമായിരുന്നെന്നും മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തണമായിരുന്നെന്നുമാണ് സേവാഗ് പറഞ്ഞത്.