ഇഷ്ടപ്പെടുന്ന താരങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ് പല ആരാധകരും. സിനിമ, സ്പോർട്സ്, സംഗീതം അങ്ങനെ വിവിധ മേഖലകളിൽ താര ആരാധനകൾ ഇന്ന് വർധിച്ചുവരുന്നുണ്ട്. വിവിധ തരത്തിലുള്ള താര ആരാധനകൾ നാം കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമായിരിക്കാം. ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനമായ വിരാട് കോലിയാണ് കഥയിലെ താരം.
ഇന്നലെ ഡൽഹിയിൽ നടന്ന ഇന്ത്യ – അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെയായിരുന്നു സംഭവം. സ്റ്റേഡിയത്തിൽ ഉയർന്ന ഒരു പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘കിങ് കോലി 50 ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയ ശേഷമേ വിവാഹം കഴിക്കൂ’ എന്ന പോസ്റ്ററുമായാണ് ഒരു യുവാവ് സ്റ്റേഡിയത്തിലെത്തിയത്. കളിക്കിടെ ആരാധകൻ തന്റെ പോസ്റ്റർ ഉയർത്തിപ്പിടിക്കുന്നുമുണ്ടായിരുന്നു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
എന്നാൽ ഈ യുവാവിന് വിവാഹം കഴിക്കാൻ ഒരുപാട് കാത്തിരിക്കേണ്ടിവരില്ല എന്നതാണ് വാസ്തവം. കാരണം കോലിക്ക് ഇപ്പോൾ തന്നെ 47 ഏകദിന സെഞ്ച്വറികളുണ്ട്. ഇനി മൂന്ന് സെഞ്ച്വറികൾ കൂടിയുണ്ടെങ്കിൽ 50 തികയുകയും ചെയ്യും. എന്തായാലും കോലിയിലുള്ള ആരാധകന്റെ വിശ്വാസത്തെയാണ് പലരും പ്രശംസിക്കുന്നത്.