ടെസ്റ്റിൽ നിന്ന് വീണ്ടും അവധിയെടുത്ത് വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിരാട് കോലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് കോലി വിട്ടുനിൽക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു. കോലിക്ക് പകരം ആരാണ് കളത്തിലിറങ്ങുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രാജ്യത്തിന് വേണ്ടി കളിക്കുന്നത് തന്നെയാണ് കോലിയുടെ പ്രഥമ പരിഗണനയെന്നും എന്നാൽ മറ്റുചില കാര്യങ്ങളിൽ കൂടി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായതിനാലാണ് ടീമിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ബിസിസിഐ പ്രസ്‌താവനയിൽ അറിയിച്ചു. കോലിയുടെ സ്വകാര്യത എല്ലാവരും മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ ആവശ്യപ്പെട്ടു.
വിരാട് കോലിയുടെ തീരുമാനത്തെ ബിസിസിഐ അംഗീകരിക്കുന്നു. അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട സമയമാണിത്. പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ ടീമിലെ മറ്റ് താരങ്ങൾക്ക് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഇന്ത്യൻ ടീമിന് പിന്തുണ ആവശ്യമാണ് എന്നും ബിസിസിഐ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ട്വൻ്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലും കോലി കളിച്ചിരുന്നില്ല. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരം 25-ന് ഹൈദരാബാദിലാണ് നടക്കുക.