മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്. നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിക്ക് പകരമായാണ് കോലി എത്തുകയെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ടീം മാനേജ്മെന്റുമായി ചർച്ച നടത്തിയെന്നാണ് സൂചന.
2008 മുതൽ ആർ.സി.ബിക്കൊപ്പമാണ് കോലി. 2013 മുതൽ ആർസിബിയെ നയിച്ച കോലി 2021-ലാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. തുടർന്നാണ് ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് ലേലത്തിലൂടെ ടീമിലെത്തിച്ച ഫാഫ് ഡു പ്ലെസിയെ ക്യാപ്റ്റനാക്കിയത്.
2008 മുതൽ മൂന്ന് തവണ ആർ.സി.ബി ഐ.പി.എൽ ഫൈനലിൽ എത്തിയെങ്കിലും കപ്പടിക്കാൻ സാധിച്ചില്ല. 2016-ൽ കോലിയുടെ ക്യാപ്റ്റൻസിയിൽ ഫൈനലിൽ എത്തിയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റിരുന്നു. ഡു പ്ലെസിയുടെ ക്യാപ്റ്റൻസിയിൽ രണ്ട് തവണ ടീം പ്ലേ-ഓഫിലെത്തിയിരുന്നു. 40 വയസ് പിന്നിട്ട ഡു പ്ലെസി കരിയർ അവസാനിപ്പിച്ചേക്കുമെന്ന സൂചനയ്ക്കിടെയാണ് ക്യാപ്റ്റനെ മാറ്റാനുള്ള ചർച്ച നടക്കുന്നത്.