റെക്കോർഡുകളുടെ തോഴനായ വിരാട് കോലി ടി20 ലോകകപ്പിലും പതിവുകൾ തെറ്റിക്കുന്നില്ല. ഐ.സി.സി ലോകകപ്പുകളില്‍ 3,000 റണ്‍സ് നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം കോലി. ലോകകപ്പിലെ സൂപ്പർ എട്ടിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് കോലി റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്.
69 ലോകകപ്പ് മത്സരങ്ങളിൽ 67 ഇന്നിങ്സുകളിൽ നിന്നായി 3,002 റൺസാണ് കോലിയുടെ സമ്പാദ്യം. ടി20 ലോകകപ്പുകളിൽ 32 മത്സരങ്ങളിൽ നിന്ന് 1,207 റൺസും താരം നേടിയിട്ടുണ്ട്. ഇതും കോലിയുടെ പേരിലുള്ള മറ്റൊരു റെക്കോഡാണ്. 2014, 16 വർഷങ്ങളിലെ ടി20 ലോകകപ്പിൽ ടൂർണമെന്റിലെ താരമായും കോലി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏകദിന ലോകകപ്പുകളിൽ 37 മത്സരങ്ങളിൽ നിന്നായി 1,795 റൺസാണ് നേടിയത്. ഏകദിന ലോകകപ്പുകളിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന റൺസ് സ്കോറർ കൂടിയാണ് താരം. അഞ്ച് സെഞ്ച്വറികളും 12 അർധ സെഞ്ച്വറികളും ഉൾപ്പെട്ടതാണ് ലോകകപ്പിലെ നേട്ടം. ഇന്ത്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പാണ് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ടൂർണമെന്റിലെ താരമായ കോലി 11 മത്സരങ്ങളി നിന്നായി 765 റൺസാണ് നേടിയത്.