ടി20 ലോകകപ്പിൽ അട്ടിമറി ജയം സ്വന്തമാക്കി അമേരിക്ക. സൂപ്പർ ഓവറിൽ മുൻ ചാംപ്യൻമാരായ പാക്കിസ്ഥാനെ 5 റൺസിന് വീഴ്ത്തിയാണ് നവാഗതരായ യുഎസ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത യുഎസ് 18 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് നേടാനായത് 13 റൺസ് മാത്രമായിരുന്നു. അമേരിക്കൻ ക്യാപ്റ്റൻ മൊനാങ്ക് പട്ടേലായിരുന്നു കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അമേരിക്കയുടെ ബൗളിങ് മികവിന് മുന്നിൽ വിറയ്ക്കുന്ന പാക് ബാറ്റിങ് നിരയെയാണ് ഗ്രാന്റ് പ്രയർ സ്റ്റേഡിയത്തിലെ ആരാധകർക്ക് കണാൻ സാധിച്ചത്. 26 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. ആദ്യ 10 ഓവറിൽ നേടിയത് വെറും 5 ബൗണ്ടറികളും. പാക്കിസ്ഥാന്റെ മുൻനിര ബാറ്റർമാരെല്ലാം അമേരിക്കൻ ബൗളർമാർക്ക് മുന്നിൽ പതറിയപ്പോൾ ഷദബ് ഖാൻ പുറത്തെടുത്ത പ്രകടനമാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്കയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ക്യാപ്റ്റൻ മോനാങ്ക് പട്ടേൽ നൽകിയത്. അർധസെഞ്ച്വറി നേടി ക്യാപ്റ്റൻ ക്രീസിൽ നിലയുറപ്പിച്ചു. ആൻഡിയാസ് ഗൗസും ആരോൺ ജോൺസും ആദ്യ മത്സരത്തിലെ ഫോം തുടർന്നതോടെ അമേരിക്ക അനായാസം വിജയത്തിലേയ്ക്കടുക്കുമെന്ന് ഉറപ്പിച്ചു. 19 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിങ്സ് അഞ്ച് റൺസ് അകലെ അവസാനിക്കുകയായിരുന്നു.