ടി20 ലോകകപ്പിന്റെ ആവേശം ഉയരുകയാണ്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയ്ക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് ആതിഥേയരായ യുഎസ്എ. ഏഴ് വിക്കറ്റിനാണ് യുഎസ് കാനഡയെ തകർത്തത്. കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 14 പന്തുകൾ ബാക്കിനിൽക്കെ യുഎസ് മറികടക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡയ്ക്ക് വേണ്ടി ഓപ്പണർ നവ്നീത് ധലിവാളും (44 പന്തിൽ 61), നിക്കോളാസ് കിർട്ടനും (31 പന്തിൽ 51) അർധ സെഞ്ച്വറി നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച് ശ്രേയസ് മൊവ്വയും (16 പന്തിൽ 32) സ്കോർ ഉയർത്തി. അലി ഖാൻ, ഹർമീത് സിങ്, കോറി ആൻഡേഴ്സൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 40 പന്തുകളിൽ 94 റൺസ് നേടി പുറത്താകാതെ നിന്ന ആരോൺ ജോൺസാണ് യുഎസിനെ വിജയത്തിലേയ്ക്കെത്തിച്ച പ്രധാന കണ്ണി. ഓപ്പണർ സ്റ്റീവൻ ടെയ്ലറെ പൂജ്യത്തിന് പുറത്താക്കിയ കാനഡ, ക്യാപ്റ്റൻ മൊണാങ്ക് പട്ടേലിനെ 16 റൺസിനും പറഞ്ഞയച്ചു. പിന്നീട് ആൻഡ്രിസ് ഗൗസും ആരോൺ ജോൺസും ചേർന്നതോടെ യുഎസ് സ്കോർ ബോർഡ് അതിവേഗം ചലിച്ചുതുടങ്ങി. 46 പന്തുകൾ നേരിട്ട ഗൗസ് 65 റൺസെടുത്താണ് പുറത്തായത്. പിന്നീട് ഇന്നിങ്സിൽ 10 സിക്സറുകൾ പറത്തിയ ആരോൺ ജോൺസ് 17.4 ഓവറിൽ യുഎസിനെ വിജയത്തിലെത്തിച്ചു.