ട്വന്റി 20 ലോകകപ്പിനൊരുങ്ങി ഇന്ത്യൻ ടീം. ടൂർണമെന്റിനായി ടീമിന്റെ ആദ്യസംഘം ന്യൂയോർക്കിലെത്തി. ക്യാപ്റ്റൻ രോഹിത് ശർമയുടെയും പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും നേതൃത്വത്തിലുള്ള ആദ്യ സംഘത്തിൽ 10 കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫുമാണുള്ളത്. ടീമിലെ മറ്റ് താരങ്ങൾ അധികം വൈകാതെ ടീമിനൊപ്പം ചേരും.
ഐപിഎൽ രണ്ടാം ക്വാളിഫയറിൽ പോരാടിയ രാജസ്ഥാൻ റോയൽസിലെ അംഗങ്ങളായിരുന്ന സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, യുസ്വേന്ദ്ര ചെഹൽ എന്നിവർ ഇന്ന് ലോകകപ്പ് കളിക്കുന്നതിനായി യാത്ര തിരിക്കും. കൂടാതെ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും പിന്നീട് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.
ജൂൺ ഒന്നിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ സന്നാഹ മത്സരം നടക്കുക. ലോകകപ്പിൽ പങ്കെടുക്കുന്ന 20-ൽ 17 ടീമുകളാണ് സന്നാഹമത്സരം കളിക്കുന്നത്. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകൾ സന്നാഹമത്സരത്തിനിറങ്ങില്ല.