ക്രിക്കറ്റും ലോകകപ്പും; പിന്നാമ്പുറങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം

Date:

Share post:

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം വാനോളം ഉയർന്നുകഴിഞ്ഞു. ആര് വാഴും, ആര് വീഴും എന്ന് പ്രവചിക്കാൻ പോലും സാധിക്കാത്തത്ര കടുത്ത പോരാട്ടങ്ങളാണ് ടീമുകൾ പുറത്തെടുക്കുന്നത്. ഓസ്ട്രേലിയയെപ്പോലെ ശക്തരായവർക്കുപോലും കാലിടറുന്ന കാഴ്ചയാണ് ലോകകപ്പിൻ്റെ തുടക്കത്തിൽ കാണാൻ കഴിഞ്ഞത്. മുൻവിധികളെ കാറ്റിൽ പറത്തുന്ന പോരാട്ടങ്ങൾക്ക് നവംബർ 19-ന് തിരശീല വീഴും.

കായികമത്സരങ്ങളിൽ യാതൊരു പ്രാധാന്യവും ഇല്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ക്രിക്കറ്റിന്. ഇന്നത്തെപോലെ കാണികളിൽ ആരവങ്ങളും ആവേശങ്ങളും ഇല്ലാതിരുന്ന ഒരു കാലം. അവിടെ നിന്നും വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ക്രിക്കറ്റ് ലോകജനശ്രദ്ധ നേടിയത്. 17-ാം നൂറ്റാണ്ട് മുതലാണ് ക്രിക്കറ്റ് ആരംഭിച്ചത് എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. എന്നാൽ അതിന് മുമ്പ് ഇം​ഗ്ലണ്ട് പോലുള്ള രാജ്യങ്ങളിൽ ക്രിക്കറ്റ് ഒരു വിനോദമാർ​ഗമായി നിലനിന്നിരുന്നു എന്നും പറയപ്പെടുന്നുണ്ട്. സമയം ചെലവഴിക്കാനുള്ള മാർ​ഗം എന്നിതിലുപരി രാജ്യങ്ങൾക്കിടയിലുള്ള ഒരു പോരാട്ടമായി ക്രിക്കറ്റ് മാറിയത് ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുണ്ടായ ടെസ്റ്റ് ക്രിക്കറ്റോടെയായിരുന്നു. പിന്നീട് 1912-ൽ ദക്ഷിണാഫ്രിക്കയുടെ വരവോടെ ത്രിരാഷ്ട്ര മത്സരങ്ങളിലേയ്ക്ക് ക്രിക്കറ്റ് ചേർക്കപ്പെട്ടു.

എന്നാൽ കാല്പന്തുകളിക്ക് ലഭിച്ചിരുന്ന പ്രാധാന്യം പോലും അക്കാലത്ത് ക്രിക്കറ്റിന് ലഭിച്ചിരുന്നില്ല. അങ്ങനെ ആമ ഇഴയുന്നതുപോലെ മന്ദഗതിയിലായി ക്രിക്കറ്റിന്റെ ഭാവി. ഒന്നും രണ്ടും വർഷമല്ല, 1960 വരെ അതേ അവസ്ഥ തുടർന്നു. ഇക്കാലയളവിലൊന്നും നിശ്ചിത ഓവർ മത്സരങ്ങൾ എന്ന നിലയിലേയ്ക്ക് ക്രിക്കറ്റ് വളർന്നിരുന്നില്ല. 1963ൽ ഇംഗ്ലീഷ് ആഭ്യന്തര ലീഗിലാണ് ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. ഇതോടെ എവിടെയൊക്കെയോ ചെറിയതോതിൽ ക്രിക്കറ്റിന് അനക്കം സംഭവിച്ചുതുടങ്ങിയിരുന്നു.

അങ്ങനെയിരിക്കെ, 1971ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടന്ന ടെസ്റ്റ് മത്സരങ്ങളുടെ ഒരു ദിവസം മഴ മൂലം തടസപ്പെട്ടു. അതോടെ ആരാധകർ നിരാശരാകുകയും ചെയ്തു. ആരാധകരുടെ ഈ നിരാശ, ക്രിക്കറ്റിന്റെ ഭാവിയെ ബാധിക്കുമെന്ന തോന്നലാണ് നിശ്ചിത ഓവർ മത്സരങ്ങളിലേയ്ക്ക് തിരിയാൻ പ്രേരണയായത്. ഇതോടെ നിയന്ത്രിത ഓവർ എന്ന നിലയിലേയ്ക്ക് മത്സരം മാറ്റപ്പെടുകയും ചെയ്തു. അങ്ങനെ ഒരു ഓവറിൽ 8 പന്തെന്ന നിലക്ക് 40 ഓവറുകളിലായി നടത്തിയ ആ മത്സരമാണ് ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരമായി കണക്കാക്കുന്നത്. ഓവർ പരിമിതപ്പെടുത്തിയതോടെ വിജയിയെ അതിവേ​ഗം അറിയാൻ സാധിക്കുമെന്നത് ക്രിക്കറ്റ് ആരാധകരിൽ അന്ന് ആവേശമുയർത്തിയിരുന്നു.

പിന്നീടങ്ങോട്ട് ക്രിക്കറ്റ് ഉയർച്ചയുടെ പടികൾ ഓരോന്നായി ചവിട്ടിക്കയറിത്തുടങ്ങി. 1975 ജൂൺ ഏഴിന് സ്ഥിരാംഗത്വമുള്ള ആറ് രാജ്യങ്ങളേയും മറ്റ് രണ്ട് രാജ്യങ്ങളേയും ഉൾപ്പെടുത്തി ആദ്യ ലോകകപ്പ് ടൂർണമെന്റിന് കളമൊരുക്കാൻ ഐ.സി.സി തയ്യാറായി. ഇത് വലിയൊരു മാറ്റത്തിനായിരുന്നു തുടക്കമിട്ടത്. ടെസ്റ്റ്പദവിയുള്ള 6 രാജ്യങ്ങളായ ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാൻ, വെസ്റ്റിന്റീസ്, ഇംഗ്ലണ്ട്, ന്യൂസിലാന്റ് കൂടാതെ ശ്രീലങ്കയും കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഒരു സംയുക്ത ടീമുമടക്കം 8 ടീമുകളായിരുന്നു മത്സരച്ചത്. ടീം അം​ഗങ്ങൾ വെള്ള ജേഴ്സിയും ചുവന്ന പന്തുമായി സൂര്യ വെളിച്ചത്തിൽ കളത്തിലിറങ്ങി.

60 ഓവറുകൾ ഉള്ള മത്സരങ്ങളോടെയായിരുന്നു ആദ്യ ലോകകപ്പ് ആരംഭിച്ചത്. ബ്രിട്ടൻ ആസ്ഥാനമായ ഒരു ഇൻഷുറൻസ് കമ്പനിയായിരുന്ന പ്രുഡൻഷ്യൽ പി.എൽ.സി ആയിരുന്നു അന്ന് സ്പോൺസർഷിപ്പിൽ ടൂർണമെന്റുകൾ നടത്തിയിരുന്നത്. അതിനാൽ 1983 വരെയുള്ള ലോകകപ്പുകൾ പ്രുഡൻഷ്യൽ കപ്പ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇക്കാലയളവ് ക്രിക്കറ്റിന്റെ പ്രശസ്തിയിലേയ്ക്കുള്ള നല്ലൊരു തുടക്കംതന്നെയായിരുന്നു. ഓസ്ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തി വെസ്റ്റിന്റീസായിരുന്നു ആദ്യ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ചരിത്രത്തിന്റെ ഭാ​ഗമായത്. തുടർന്നുവന്ന ലോകകപ്പിലും വെസ്റ്റിന്റീസ് തന്നെയായിരുന്നു ജേതാക്കൾ. പിന്നീട് 1983 ലോകകപ്പ് വരെ അതേ ആവേശം തുടരുകയായിരുന്നു.

1983-ലെ ലോകകപ്പിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തന്നെ ഐ.സി.സി തീരുമാനിച്ചു. അങ്ങനെ നാല് ഫീൽഡർമാരെ എപ്പോഴും ഫീൽഡിംഗ് സർക്കിളിൽ നിലനിർത്തണം എന്ന നിബന്ധന ഐ.സി.സി കൊണ്ടുവന്നു. തുടർന്ന് നോക്ക് ഔട്ട് മത്സരങ്ങൾക്ക് മുമ്പ് പ്രാഥമിക മത്സരങ്ങളിൽ നാല് ടീമുകൾ വീതം രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ ക്രമീകരിച്ചു. 1983ലെ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ 43 റൺസിന് കീഴടക്കി ഇന്ത്യ തങ്ങളുടെ ആദ്യകീടിടം ചൂടി. 1992ൽ മറ്റൊരു വലിയ മാറ്റം കൂടി ക്രിക്കറ്റിന്റെ ചരിത്രത്തിലേയ്ക്കെത്തി. വെള്ള ജേഴ്സിയും ചുവന്ന പന്തുമായി കളത്തിലിറങ്ങിയ ടീം അം​ഗങ്ങൾ പല വർണ്ണത്തിലുള്ള ജേഴ്സികളണിഞ്ഞ് പോരിനിറങ്ങി. ഇതോടെ ടീമുകൾ എന്ന ഹരം ആരാധകരിൽ ആവേശമായി പടരുകയും ചെയ്തു. കൂടാതെ പകൽ വെളിച്ചത്തിൽ മാത്രം നടത്തിയിരുന്ന മത്സരങ്ങൾ ലൈറ്റുകളുടെ അകമ്പടിയോടെ രാത്രിയിലും നടത്താൻ ആരംഭിച്ചു. തുടർന്ന് ടീമുകളുടെ എണ്ണവും ക്രമേണ വർധിക്കാൻ ആരംഭിച്ചു.

വെറുമൊരു വിനോദം എന്ന നിലയിൽ ആരംഭിച്ച ക്രിക്കറ്റ് വളരെ പെട്ടെന്നായിരുന്നു ലോകശ്രദ്ധ നേടിയത്. ക്രിക്കറ്റ് കളിക്കാരെ പുച്ഛത്തോടെ കണ്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും കളിക്കാർ ആരാധനാപാത്രങ്ങളായി മാറുന്ന കാഴ്ചയായിരുന്നു പിന്നീടങ്ങോട്ട് കണ്ടത്. അങ്ങനെ 2007-ലെ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി 16 ടീമുകളുമായി ഐ.സി.സി ടൂർണമെന്റ് നടത്തി. ഇതോടെ ക്രിക്കറ്റ് അതിന്റെ ഉയർച്ചയുടെ കൊടുമുടി താണ്ടിയിരുന്നു. മാറിമാറി രാജ്യങ്ങൾ ലോകകപ്പ് കരീടം സ്വന്തമാക്കിക്കൊണ്ടിരുന്നു. 2011ൽ ടീമുകളുടെ എണ്ണം 16ൽ നിന്ന് 14 ആയി കുറയ്ക്കുകയും കൂടാതെ സ്ഥിരാംഗംങ്ങളായ 10 പേരും താൽകാലിക അംഗങ്ങളായ നാല് പേരും ചേർന്ന് ടീം രൂപീകരിക്കുകയും ചെയ്തു.

അങ്ങനെ 2019ൽ നടന്ന അവസാന ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയായി. ടീമുകളുടെ എണ്ണം 10 ആയി ചുരുക്കിയായിരുന്നു പോരാട്ടം. ഫൈനലിൽ ശക്തമായ പോരാട്ടം തന്നെയായിരുന്നു ആതിഥേയരായ ഇം​ഗ്ലണ്ടും ന്യൂസിലാന്റും തമ്മിൽ നടന്നത്. സമനിലയിലെത്തിയ മത്സരം സൂപ്പർ ഓവറിലേക്കും നീണ്ടു. മത്സരത്തിൽ ഇംഗ്ലണ്ട് കിരീടവും ചൂടി.

നിരവധി വീഴ്ചകൾക്കും തഴയലുകൾക്കുമൊടുവിലാണ് ക്രിക്കറ്റ് കായിക ലോകത്തെ രാജാക്കന്മാരായി ഉയർന്നത്. നിയമങ്ങൾ പലതും പരിഷ്കരിച്ചും ആധുനിക സംവിധാനങ്ങളെ കൂട്ടുപിടിച്ചുമാണ് ഇന്നത്തെ ക്രിക്കറ്റ് മത്സരങ്ങൾ. ഇന്ത്യ ആതിഥേയരായി 2023ലെ ലോകകപ്പിന് സാക്ഷ്യം വഹിക്കുമ്പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി പോരാളികൾ കൊമ്പുകോർക്കുകയാണ്. മത്സരങ്ങളുടെ അവസാന ദിനത്തിൽ ലോകകപ്പ് കിരീടത്തിൽ മുത്തമിടാൻ…

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...