ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. നവംബർ 26നാണ് തിരുവന്തപുരത്ത് മത്സരം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ് ഓസീസിന്റെ ഇന്ത്യൻ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക.
സെപ്റ്റംബർ 22ന് മൊഹാലിയിലും 24ന് ഇൻഡോറിലും 27ന് രാജ്കോട്ടിലുമാണ് ഏകദിന മത്സരങ്ങൾ. നവംബർ 23ന് വിശാഖപട്ടണം, 26ന് തിരുവനന്തപുരം, 28ന് ഗുവാഹത്തി, ഡിസംബർ ഒന്നിന് നാഗ്പൂർ, മൂന്നിന് ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ട്വന്റി 20 മത്സരങ്ങൾ. ഏകദിന പരമ്പര, ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക. 2023 ജനുവരി 3ന് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഏകദിനം കളിച്ചതാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇതിന് മുമ്പ് നടന്ന രാജ്യാന്തര മത്സരം.