ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനുമേൽ സർക്കാരിന്റെ അനാവശ്യ ഇടപെടൽ ഒഴിവാക്കാൻ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. സർക്കാരിൻ്റെ അനാവശ്യ ഇടപെടൽ ആരോപിച്ച് കഴിഞ്ഞ വർഷം നവംബറിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡിന്റെ ഭരണനിർവഹണത്തിൽ മാറ്റം വരുത്താനുള്ള തീരുമാനം.
ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് മനേജ്മെന്റ് അംഗങ്ങളെ മന്ത്രി റോഷൻ രണസിംഗെയുടെ നേതൃത്വത്തിൽ പുറത്താക്കിയിരുന്നു. തുടർന്ന് മുൻ ശ്രീലങ്കൻ താരം അർജുന രണതുംഗയുടെ നേതൃത്വത്തിൽ ഇടക്കാല ഭരണസമിതിയെ നിയമിച്ചെങ്കിലും ഇത് കോടതി സ്റ്റേ ചെയ്തു. ഐ.സി.സിയുടെ നടപടിക്ക് പിന്നാലെ ഈ വർഷം ശ്രീലങ്കയിൽ നടക്കാനിരുന്ന അണ്ടർ-19 ലോകകപ്പ് വേദി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു.
ഐ.സി.സിയുടെ സസ്പെൻഷൻ നടപടിയേത്തുടർന്ന് കഴിഞ്ഞ നവംബറിൽ ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിങ്കെ നിയമത്തിൽ മാറ്റം വരുത്താൻ പുതിയ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ ശ്രീലങ്കൻ കായികമന്ത്രിക്ക് താത്കാലിക കമ്മിറ്റിയെ രൂപവത്കരിക്കാനുള്ള അധികാരം എടുത്തുകളയാൻ ശുപാർശ ചെയ്യുകയും ചെയ്തു.