പ്രഥമ ഗൾഫ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകും. സെപ്റ്റംബർ 13 മുതൽ 23 വരെയാണ് ചാമ്പ്യൻഷിപ്പ് നടത്തപ്പെടുകയെന്ന് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഏഷ്യൻ ടൗണിലെ വെസ്റ്റ് എൻഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലെയും ടീമുകൾ പങ്കെടുക്കും.
10 ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഖത്തറിന് പുറമെ യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് മത്സരിക്കുന്നത്. 16 മത്സരങ്ങളാണ് നടക്കുക. 4 ഡിവിഷനുകളിലായി 71 ക്രിക്കറ്റ് ക്ലബുകളാണ് ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ളത്.
വിരമിച്ച രാജ്യാന്തര താരങ്ങളുടെ ലെജന്റ്സ് ലീഗ് ക്രിക്കറ്റിനും ഫിഫ ലോകകപ്പ് ആവേശങ്ങൾക്കും പിന്നാലെയാണ് ഗൾഫ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനും വേദിയാകാൻ ഖത്തർ ഒരുങ്ങുന്നത്. കൂടാതെ പുരുഷ-വനിതാ ടീമുകളെയും അണിനിരത്ത് രാജ്യാന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലും ഖത്തർ സജീവമാണ്.