ദൗർഭാ​ഗ്യങ്ങൾ വേട്ടയാടിയ ദക്ഷിണാഫ്രിക്ക

Date:

Share post:

1999 ജൂൺ 17, ലോകകപ്പ് സെമി. ഇംഗ്ലണ്ടിലെ ബർമിങ്ഹാം സ്റ്റേഡിയത്തിൻ്റെ ​ഗ്യാലറിയിൽ എങ്ങും കാതടപ്പിക്കുന്ന ആരവങ്ങൾ മാത്രം. കാഴ്ചക്കാരായി ക്രിക്കറ്റ് മൈതാനം ഇതിനുമുമ്പ് അറിഞ്ഞിട്ടില്ലാത്ത പുരുഷാരം. കരുത്തരെന്ന് ലോകം തന്നെ മുദ്രകുത്തിയ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും പരസ്പരം കൊമ്പുകോർക്കാനൊരുങ്ങുന്നു.

ലോകകപ്പിൽ ഏറ്റവുമധികം സാധ്യത കല്പിച്ചിരുന്ന ടീമുകളിലൊന്നായിരുന്ന ദക്ഷിണാഫ്രിക്ക ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു. ബാറ്റുമായി കളത്തിലിറങ്ങിയ ഓസ്ട്രേലിയയെ 213 റൺസിന് തുടക്കത്തിൽ തന്നെ പ്രോട്ടിസ് തളച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയുടെ പതാക ​ഗ്യാലറിയിൽ പാറിപ്പറന്നു. ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിങ്ങിനിറങ്ങി. ഓസ്ട്രേലിയയുടെ തീതുപ്പുന്ന ബൗളിങ്ങിന് മുന്നിൽ തുടക്കത്തിൽ പതറിയ പ്രോട്ടിസിനെ ജാക്ക് കാലിസ് – ജോൺ ഡി റോഡ്സ് സഖ്യം കൈപിടിച്ചുയർത്തി. ഇതോടെ പ്രതീക്ഷകൾ വീണ്ടും തഴച്ചുപൊങ്ങി. മത്സരം അവസാന ഓവറുകളിലേയ്ക്ക് നീങ്ങി. ജയിക്കാൻ വേണ്ടത് 9 റൺസ് എന്ന നിലയിലായി. തകർപ്പനടിക്ക് പേരുകേട്ട ദക്ഷിണാഫ്രിക്കയുടെ സൂപ്പർതാരം ലാൻസ് ക്ലൂസ്നർ ഓസ്ട്രേലിയക്കെതിരെ കളം നിറഞ്ഞാടി.

ലാൻസ് ക്ലൂസ്നറിന് സർവ്വ പിൻതുണയും നൽകി അലൻ ഡൊണാൾഡ് കളത്തിലുണ്ട്. ഓസ്ട്രേലിയക്കായി അവസാന ഓവർ എറിയാൻ ഡാമിയൻ ഫ്ളെമിംങ് എത്തി. ആദ്യത്തെ രണ്ട് പന്തുകളും ബൗണ്ടറിയിലെത്തിച്ച് ക്ലൂസ്നർ പ്രതീക്ഷ നിലനിർത്തി. ഇരുടീമുകൾക്കും സ്കോർ തുല്യം. വിജയത്തിനായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് നാലുപന്തിൽ ഒരു റൺസ് മാത്രം. ഓസീസിന് വേണ്ടത് ഒരു വിക്കറ്റും. ഗ്യാലറിയിലെ ഹർഷാരവങ്ങൾ ആകാംക്ഷയിലേയ്ക്ക് വഴുതിമാറി. ശ്വാസം പിടിച്ചടക്കി മിഴിചിമ്മാതെ ആരാധകർ കാത്തുനിന്നു. വിജയം ആർക്കെന്ന് പ്രവചിക്കാൻ പോലും സാധിക്കാത്ത നിമിഷം!

പ്രോട്ടിസിനെതിരെ അവസാന നിമിഷവും ഓസ്ട്രേലിയയുടെ സ്റ്റീവ് വോ പടയൊരുക്കിക്കൊണ്ടിരുന്നു. 11 മഞ്ഞക്കുപ്പായക്കാരും ഒരുമിച്ച് 30 യാർഡിനുള്ളിൽ വലയം തീർത്തു. മൂന്നാമത്തെ പന്തിൽ മിഡ്ഓണിലേയ്ക്ക് ക്ലൂസ്നറുടെ ഷോട്ട് കുതിച്ചു. ക്ലൂസ്നർ പന്തിൻ്റെ പാത നോക്കിനിൽക്കെ ഡോണാൾഡ് റൺസിനായി ആവേശത്തോടെ ഓടി. പകുതിയിലെത്തിയപ്പോഴേയ്ക്കും പന്ത് കയ്യിൽ കിട്ടിയ ഡാരൽ ലേമാൻ ബോളിനെ സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞു. ​ദക്ഷിണാഫ്രിക്കയുടെ ഭാ​ഗ്യമെന്നോ ഓസ്ട്രേലിയയുടെ നിർഭാ​ഗ്യമെന്നോ പറയാം, പന്ത് സ്റ്റംപിനെ തൊടാതെ വഴുതിമാറി. റൺസില്ലാതെ ഡോണാൾഡ് തിരികെ ക്രീസിലെത്തി.

വീണ്ടും ആകാംക്ഷ കളത്തിൽ നിറഞ്ഞു. നാലാം പന്ത് മിഡ്ഓഫിലേയ്ക്ക് പായിച്ച് ക്ലൂസ്നർ റൺസിനായി ഓടി. എന്നാൽ പന്ത് ഫീൽഡർമാരുടെ കൈകളിലെത്തുമെന്ന് കരുതി നിന്ന ഡൊണാൾഡ് ക്ലൂസ്നറുടെ വിളി കേട്ടില്ല. രണ്ടുപേരും നോൺ സ്ട്രൈക്കർ എൻഡിലെത്തിയതും മാർക്ക് വോ ബോളിനെ സ്റ്റംപ് ലക്ഷ്യമാക്കി പായിച്ചിരുന്നു. വൈകി ക്രീസിലെത്തിയ ഡൊണാൾഡിനെ റൺ ഔട്ടാക്കി ഓസ്ട്രേലിയൻ താരങ്ങൾ വിജയം ആഘോഷിക്കാൻ തുടങ്ങി. എല്ലാം കൈവിട്ടുപോയെന്ന് മനസിലാക്കിയ ക്ലൂസ്നർ പവലിയനിലേയ്ക്ക് നടന്നു. നിരാശയോടെ ഡോണാൾഡും. ദക്ഷിണാഫ്രിക്കൻ ആരാധകരുടേയും താരങ്ങളുടേയും മിഴകൾ നിറഞ്ഞോഴുകിയ നിമിഷം! സൂപ്പർ സിക്സ് റൗണ്ടിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതിൻ്റെ ആനുകൂല്യത്തിൽ ഓസ്ട്രേലിയ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ അവസാന നിമിഷത്തിലെ ഭാ​ഗ്യക്കേടിനെ ഓർത്ത് പ്രോട്ടിസ് വിലപിച്ചു.

ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു അന്ന്. ഒന്ന് തലയുയർത്തി നോക്കാൻ പോലും സാധിക്കാത്ത വിധത്തിൽ പ്രോട്ടീസ് താരങ്ങൾ തകർന്ന ദിനം.  ഒറ്റയാൾ പോരാട്ടമായി കളം നിറഞ്ഞാടിയിരുന്ന ഓൾറൗണ്ടർ, പ്രോട്ടിസിന്റെ സൂപ്പർ ഹീറോ ലാൻഡ് ക്രൂസ്നർ ദുരന്ത കഥയിലെ നായകനായി അന്ന് മാറി. ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ അത്രയും ഭാ​ഗ്യം തുണയ്ക്കാത്ത ടീം വേറെയില്ലെന്ന് തന്നെ പറയാം. പല ലോകകപ്പിലും അതിശക്തമായി പോരാടിയശേഷം അവസാന നിമിഷം എതിരാളിക്ക് മുന്നിൽ അടിയറവ് പറയുന്ന ഭാ​ഗ്യക്കേടിൻ്റെ ചരിത്രമാണ് പ്രോട്ടിസിൻ്റെ ആരാധകർ കണ്ടിട്ടുള്ളത്.

നിർഭാ​ഗ്യം പലരൂപത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ അവതരിക്കുന്നത്. മഴയായും ടൈയായും റൺ ഔട്ടായും ചിലപ്പോൾ സ്വന്തം തീരുമാനങ്ങളായും അവ ഒന്നിന് മുകളിൽ ഒന്നായി പ്രോട്ടിസിനെ വരിഞ്ഞുമുറുക്കി. ക്രിക്കറ്റ് മൈതാനങ്ങളെ അടക്കിവാഴാൻ കെൽപ്പുള്ള ദക്ഷിണാഫ്രിക്ക പ്രധാന ടൂർണമെന്റുകളിൽ പതറുന്നവരെന്ന ചീത്തപ്പേര് പലകുറിയായി ഉയർന്നു.

വർണവിവേചനത്തെ തുടർന്നുള്ള വിലക്കിൽ നിന്ന് മോചിതരായ ശേഷം 1991-ലാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. 1992ൽ ഓസ്ട്രേലിയയും ന്യൂസിലാന്റും സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പിൽ കെപ്ലർ വെസലിന്റെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്കൻ ടീം അണിനിരന്നത്. സെമിയിൽ ഇം​ഗ്ലണ്ടായിരുന്നു ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. ഹാൻസി ക്രോണ്യ, അലൻ ഡൊണാൾഡ്, ജോൺ ഡി റോഡ്സ് തുടങ്ങിയവരുടെ കരുത്തിൽ അതി​ഗംഭീര പ്രകടനം കാഴ്ചവെച്ച് മുന്നേറിയിരുന്ന പ്രോട്ടിസിന് മേൽ മഴ ദൗർഭാ​ഗ്യം വിതയ്ക്കുകയായിരുന്നു.

മഴമൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 252 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 42.5 ഓവറിൽ 231/6 എന്ന സ്കോറിൽ നിൽക്കെ വീണ്ടും മഴയെത്തി. നാല് വിക്കറ്റ് സ്വന്തമാക്കിയതിനാൽ 13 ബോളിൽ 22 റൺസ് അനായാസം നേടാമെന്ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ചിരിക്കെ സംഭവിച്ചത് മറ്റൊന്നായിരുന്നു. മഴ നിയമം കണക്കിലെടുത്ത് മത്സരം രണ്ട് ഓവർ കൂടി കുറച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ബോളിൽ വേണ്ടത് 21 റൺസ്. മഴയെ പഴിച്ച് ദക്ഷിണാഫ്രിക്കൻ ടീം നിസഹായരായി നിന്നു.

മഴ വിതച്ച നാണക്കേട് ചില്ലറയൊന്നുമല്ല ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ളത്. 2003 ലോകകപ്പിൽ ഷോൺ പൊള്ളോക്കിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ പട വീണ്ടുമൊരു ലോകകപ്പിനായി അണിനിരന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കക്കെതിരായ അവസാന മത്സരം ജയിച്ചാൽ സൂപ്പർ സിക്സിൽ ഇടം നേടാമായിരുന്നു. ശ്രീലങ്ക ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം മഴ നിയമം പ്രയോഗിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 45 ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 230 റൺസ്. തളരാതെ തങ്ങളുടെ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 44.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. അവസാന പന്തിൽ നിന്ന് നേടേണ്ടിയിരുന്നത് വെറും ഒരു റൺ മാത്രം. എന്നാൽ ജയിച്ചെന്ന ധാരണയിൽ മാർക്ക് ബൗച്ചർ അവസാന പന്തിൽ റണ്ണിന് ശ്രമിച്ചില്ല. ക്യാപ്റ്റൻ ഷോൺ പൊള്ളോക്ക് വിജയസ്കോർ കണക്ക് കൂട്ടിയതിലെ പിഴവും പ്രോട്ടിസിന് തിരിച്ചടിയായി. അങ്ങനെ വീണ്ടും ലോകകപ്പിൽ നിന്നും ദക്ഷിണാഫ്രിക്ക പുറത്തേക്ക്.

2015 ലോകക്കപ്പിൽ അതിശക്തരായ ടീമുമായാണ് ദക്ഷിണാഫ്രിക്ക പോരിനിറങ്ങിയത്. ഡി വില്ലേഴ്സ്, ഹാഷിം അംല, ഡെയിൽ സ്റ്റെയിൻ തുടങ്ങി ലോകോത്തര താരങ്ങളെ അണിനിരത്തിയ ദക്ഷിണാഫ്രിക്ക ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ തകർത്ത് സെമിയിലെത്തി. ഇത്തവണ ന്യൂസിലന്റായിരുന്നു പ്രോട്ടിസിന്റെ എതിരാളികൾ. ഫാഫ് ഡു പ്ലസിസും ഡി വില്ലേഴ്സും അതിശക്തമായ പോരാട്ടം കാഴ്ചവെച്ച മത്സരം മഴ കാരണം വെട്ടിച്ചുരുകിയതോടെ 43 ഓവറിൽ 281 റൺസാണ് നേടിയത്. ന്യൂസിലന്റിന്റെ വിജയലക്ഷ്യം 299 റൺസായി നിർണയിച്ചെങ്കിലും ഒരു പന്ത് ബാക്കി നിൽക്കെ ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം ഉറപ്പിക്കുകയും ചെയ്തു.

ശക്തരായ പോരാളികളുടെ നീണ്ട നിരതന്നെയുണ്ടായിട്ടും ലോകകപ്പിൽ ഇന്നേവരെ കിരീടം ചൂടാൻ പ്രോട്ടിസിന് സാധിച്ചിട്ടില്ല എന്നതാണ് വലിയ വിരോധാഭാസം. വേഗതകൾകൊണ്ട് കൊടുങ്കാറ്റ് തീർത്ത അലൻ ഡൊണാൾഡ്, പക്ഷിയെപ്പോലെ പറന്ന് ക്യാച്ചുകൾ എടുക്കുന്ന ജോൺ ഡി റോഡ്സ്, പാറപോലെ ഉറച്ചുനിൽക്കുന്ന ജാക്വസ് കാലിസ്, കളത്തിൽ രാജാവായി വാണ എ.ബി ഡിവില്ലേഴ്സ്, ഏകദിനക്രിക്കറ്റിൽ ഓവറിലെ ആറ് പന്തുകളും സിക്സറടിച്ച ഹെർഷൽ ഗിബ്‌സ്, ചാണക്യതന്ത്രങ്ങൾ മെനഞ്ഞ ക്യാപ്റ്റൻ ഹാൻസി ക്രോണ്യ അങ്ങനെ വിരലുകളിൽ ഒതുങ്ങുന്നതല്ല ദക്ഷിണാഫ്രിക്കയുടെ പോരാളികളുടെ എണ്ണവും വീരകഥകളും.

ദൗർഭാ​ഗ്യങ്ങളുടെ ചരിത്രം തിരുത്താൻ ദക്ഷിണാഫ്രിക്ക ഇപ്പോഴും പോരാട്ടം തുടർന്നുകൊണ്ടേയിരിക്കുകയാണ്. 2023-ലെ ലോകകപ്പ് മത്സരം പുരോഗമിക്കുമ്പോൾ ബാറ്റുകൊണ്ടും ബോളുകൊണ്ടും ദക്ഷിണാഫ്രിക്ക പകരക്കാരില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഒന്നിലേറെക്കളികളിൽ 300ന് മുകളിലുള്ള സ്കോറുകൾ കണ്ടെത്തിയാണ് മുന്നേറ്റം. പോയിൻ്റ് പട്ടികയിലും മുൻനിരയിലാണ്. ദക്ഷിണാഫ്രിക്കയെ ഇത്തവണയെങ്കിലും ഭാ​ഗ്യം തുണയ്ക്കുമോ? ദൗർഭാ​ഗ്യ ജാതകം തിരുത്താൻ സാധിക്കുമോ? കാത്തിരിക്കുകയാണ് ആരാധകർ.

ക്രിക്കറ്റ് കഥ – എഴുത്ത്: ലിറ്റി ജോസ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...