19-ാമത് ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ചൈനയിലെ ബിഗ് ലോട്ടസ് എന്നറിയപ്പെടുന്ന ഹാങ്ഷൗ ഒളിമ്പിക് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ സമാപന ചടങ്ങുകൾ ആരംഭിച്ചു. സമാപന ചടങ്ങിൽ 2,100-ലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. വിപുലമായ പരിപാടികളാണ് ഗെയിംസിന്റെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മെഡൽ വേട്ട നടത്തിയാണ് ഇന്ത്യൻ താരങ്ങൾ മടങ്ങുന്നത്. 107 മെഡലുകൾ നേടി നാലാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്.
382 മെഡലുകൾ നേടി ആതിഥേയരായ ചൈന ഗെയിംസിൽ ചാമ്പ്യന്മാരായി. 200 സ്വർണവും 111 വെള്ളിയും 71 വെങ്കലവുമാണ് ചൈന സ്വന്തമാക്കിയത്. 51 സ്വർണവും 66 വെള്ളിയും 69 വെങ്കലവും ഉൾപ്പെടെ 186 മെഡലുകളുമായി ജപ്പാൻ രണ്ടാം സ്ഥാനത്തുള്ളപ്പോൾ കൊറിയ 42 സ്വർണവും 59 വെള്ളിയും 89 വെങ്കലവും ഉൾപ്പെടെ 190 മെഡലുമായി മൂന്നാം സ്ഥാനത്തുമെത്തി. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടെ 107 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. 2018-ൽ ജക്കാർത്തയിൽ നേടിയ 70 മെഡലുകളാണ് (16 സ്വർണം) ഇന്ത്യയുടെ മുമ്പത്തെ മികച്ച നേട്ടം.