ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് അര്‍ജന്റീനയുടെ ആദരവ്. മെസി വിരമിക്കുന്നതോടെ പത്താം നമ്പർ ജേഴ്സി ഇനി ആർക്കും നൽകില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. അർജന്റീനക്ക് 2022-ൽ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ എന്നത് ഉൾപ്പെടെയുള്ള മെസിയുടെ മികവ് കണക്കിലെടുത്താണ് തീരുമാനം.
‘മെസി ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതോടെ പത്താം നമ്പർ ജേഴ്സി മറ്റാർക്കും ഞങ്ങൾ നൽകില്ല. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം പത്താം നമ്പർ ജേഴ്സി പിൻവലിക്കും. ഇതാണ് അദ്ദേഹത്തിന് വേണ്ടി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം’ എന്നാണ് ബോർഡ് പ്രസിഡന്റ് ക്ലൗഡിയോ ടാപിയ പറഞ്ഞത്. ലോകകപ്പ് കൂടാതെ കോപ്പ അമേരിക്ക, ഫൈനലിസിമ എന്നീ കിരീടങ്ങളും മെസിക്ക് കീഴിൽ അർജന്റീന നേടിയിട്ടുണ്ട്. രാജ്യത്തിനായി 180 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മെസി 106 ഗോളുകളാണ് നേടിയത്.
മുമ്പ് ഡീഗോ മാറഡോണയും അർജൻ്റീനയ്ക്ക് വേണ്ടി പത്താം നമ്പർ ജേഴ്സി അണിഞ്ഞ് കളത്തിലിറങ്ങിയിരുന്നു. 2002-ൽ മറഡോണയ്ക്ക് വേണ്ടി ഈ ജേഴ്സി പിൻവലിക്കാൻ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ആ വർഷത്തെ ലോകകപ്പിൽ ഒന്ന് മുതൽ 23 വരെയുള്ള എല്ലാ നമ്പറുകളും ധരിക്കണമെന്ന ഫിഫയുടെ നിയമത്തിന്റെ അടിസ്ഥാനത്തിൽ അന്ന് അത് സാധിച്ചില്ല.