ട്വന്റി 20 ലോകകപ്പിനായി യുഎസിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പരിശീലനത്തിന്റെ തിരക്കിലാണ്. ടീമിന്റെ ആദ്യ പരിശീലന ദൃശ്യങ്ങൾ ബിസിസിഐ പുറത്തുവിട്ടു. ക്യാപ്റ്റൻ രോഹിത് ശർമ, മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, അർഷ്ദീപ് സിങ്, സൂര്യകുമാർ യാദവ് തുടങ്ങിയവരാണ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.
ന്യൂയോർക്കിലെത്തിയ ഇന്ത്യൻ താരങ്ങൾ പരിശീലനം തുടങ്ങിയെങ്കിലും സ്കിൽ ട്രെയിനിങ് ആരംഭിച്ചിട്ടില്ല. രാവിലെ ജോഗിങ്ങും അനുബന്ധ വ്യായാമങ്ങളുമാണ് ഇപ്പോൾ നടത്തുന്നത്. അമേരിക്കയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാണിത്. അതേസമയം മറ്റ് താരങ്ങളെല്ലാം ടീമിനൊപ്പം ചേർന്നിട്ടും വിരാട് കോലി മാത്രം യുഎസിൽ എത്തിയിട്ടില്ല. നാട്ടിൽ കുടുംബത്തോടൊപ്പമുള്ള താരം എന്നാണ് ടീമിനൊപ്പം ചേരുകയെന്നതും ഇതുവരെ വ്യക്തമല്ല.
ജൂൺ ഒന്നിനാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ആദ്യത്തേതും അവസാനത്തോതുമായ സന്നാഹ മത്സരം നടക്കുക. ഈ മത്സരത്തിൽ കോലി ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, ജൂൺ 5ന് അയർലൻഡിനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.