ഇന്ത്യൻ താരങ്ങൾക്ക് ഇത് അസുലഭ മുഹൂർത്തം. ട്വന്റി-20 ലോകകപ്പ് നേടി രാജ്യത്തിൻ്റെ അഭിമാനം വാനോളമുയർത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ ഡൽഹിയിൽ വിമാനമിറങ്ങി. വൻ വരവേൽപ്പാണ് ലോകകപ്പുമായി എത്തിയ താരങ്ങൾക്കായി രാജ്യം ഒരുക്കിയത്. പുലർച്ചെ മുതൽ ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി ഡൽഹി വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നത്.
വൻ വിജയവുമായി ഇന്ത്യൻ മണ്ണിലേയ്ക്ക് മടങ്ങിയെത്തിയ താരങ്ങളെ നേരിട്ടുകാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അവസരമൊരുക്കിയിട്ടുണ്ട്. 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്‌ച. ഇതിനുശേഷം സ്വീകരണത്തിനും റോഡ് ഷോയ്ക്കുമായി ടീം മുംബൈയിലേക്ക് പോകും.
ട്രോഫിയുമായി താരങ്ങൾ മുംബൈ നഗരത്തിൽ റോഡ് ഷോ നടത്തും. നരിമാൻ പോയിന്റ്, മറൈൻഡ്രൈവ്, വാംഖഡെ സ്റ്റേഡിയംവരെ ഓപ്പൺ ബസിലാണ് റോഡ് ഷോ സംഘടിപ്പിക്കുക. തുടർന്ന് വാംഖഡേ സ്റ്റേഡിയത്തിൽ ബിസിസിഐ താരങ്ങൾക്കായി വമ്പൻ സ്വീകരണപരിപാടി ഒരുക്കിയിട്ടുണ്ട്. ടീമിന് പ്രഖ്യാപിച്ച 125 കോടി ചടങ്ങിൽ വെച്ച് ബിസിസിഐ കൈമാറും. പിന്നീട് രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ടീം കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
ബിസിസിഐ ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ബാർബഡോസിൽ നിന്ന് ഇന്നലെയാണ് നാട്ടിലേക്ക് തിരിച്ചത്. ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ താരങ്ങൾ ഞായറാഴ്‌ച തന്നെ ബാർബഡോസിൽ നിന്ന് മടങ്ങാനിരുന്നതാണ്. എന്നാൽ ബെറിൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ബാർബഡോസിലെ വിമാനത്താവളം അടച്ചുപൂട്ടിയതോടെ താരങ്ങൾ അവിടെ കുടുങ്ങുകയായിരുന്നു.