ട്വന്റി20 ലോകകപ്പിൽ അട്ടിമറികൾ തുടർക്കഥയാകുകയാണ്. അപ്രതീക്ഷിത വിജയങ്ങൾക്കും പരാജയങ്ങൾക്കും സാക്ഷിയാകുന്ന ലോകകപ്പിൽ അവസാന കിരീടം ആര് ചൂടും എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ആശങ്ക. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ സൂപ്പർ ഓവറിൽ അമേരിക്ക അട്ടിമറി ജയം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ന്യൂസീലൻഡിനെ തളച്ചിരിക്കുകയാണ് ഇപ്പോൾ അഫ്ഗാനിസ്ഥാൻ.
ഇന്ന് നടന്ന മത്സരത്തിലാണ് 84 റൺസിന് അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെതിരെ അട്ടിമറി ജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്‌ത അഫ്‌ഗാനിസ്ഥാൻ സ്വന്തമാക്കിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 75 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഫസൽഹഖ് ഫാറൂഖി, ക്യാപ്റ്റൻ റാഷിദ് ഖാൻ എന്നിവരുടെ അതിഗംഭീരമായ ബോളിങ്ങാണ് അഫ്ഗാനിസ്ഥാന് മികച്ച വിജയം നേടിക്കൊടുത്തത്.
മറുപടി ബാറ്റിങ്ങിൽ ഗ്ലെൻ ഫിലിപ്‌സ് (18 പന്തിൽ 18), മാറ്റ് ഹെൻറി (17 പന്തിൽ 12) എന്നിവർ മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ രണ്ടക്കം കടന്നത്. പിന്നീടെത്തിയ ആർക്കും നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ന്യൂസീലൻഡ് തകർന്നടിയുകയായിരുന്നു. 15.2 ഓവറിൽ അവരുടെ ബാറ്റിങ് അവസാനിച്ചു. നേരത്തെ ടോസ് നേടിയ ന്യൂസീലൻഡ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ റഹാനുള്ള ഗുർബാസ് (56 പന്തിൽ 80), ഇബ്രാഹിം സദ്രാൻ (41 പന്തിൽ 44) എന്നിവരുടെ സെഞ്ചറി കൂട്ടുകെട്ടിൻ്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ അഫ്ഗാനിസ്‌ഥാൻ 159 റൺസെടുത്തത്.