ട്വൻ്റി 20 ലോകകപ്പിന്റെ ആവേശം മുറുകുകയാണ്. പ്രാഥമികറൗണ്ടിലെ പോരാട്ടങ്ങൾക്ക് ശേഷം ഇന്നലെ സൂപ്പർ എട്ട് മത്സരങ്ങൾ ആരംഭിച്ചിരുന്നു. തുടക്കം മുതൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയം സ്വന്തമാക്കിയ ഇന്ത്യ ഇന്ന് സൂപ്പർ 8-ൽ കളത്തിലിറങ്ങും.
അഫ്ഗാനിസ്ഥാനെയാണ് ഇന്ന് ഇന്ത്യൻ ടീം നേരിടുക. രാത്രി എട്ട് മണി മുതൽ ബാർബഡോസിലെ കെന്നിങ്‌ടൺ ഓവലിലാണ് മത്സരം നടക്കുക. പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ നാല് മത്സരങ്ങളും യു.എസിലായിരുന്നെങ്കിൽ സൂപ്പർ എട്ടിൽ എല്ലാ കളികളും വെസ്റ്റിൻഡീസിലാണ്. ഇവിടുത്തെ പിച്ചിൽ സ്പിന്നർമാർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുമെന്നതിനാൽ ടീമിൽ ചെറിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നാല് ഓൾ റൗണ്ടർമാരുമായാണ് കഴിഞ്ഞ മത്സരങ്ങളിൽ രോഹിത് ശർമ കളത്തിലിറങ്ങിയത്. സ്പിൻ ഓൾറൗണ്ടർമാരായ അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരും പേസ് ഓൾറൗണ്ടർമാരായ ശിവം ദുബൈ, ഹാർദിക് പാണ്ഡ്യ എന്നിവരും ഇറങ്ങി. വെസ്റ്റിൻഡീസിൽ സ്പെഷലിസ്റ്റ് സ്‌പിന്നറായ കുൽദീപ് യാദവിനെയും ഇന്ന് കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അർഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും. മലയാളിതാരം സഞ്ജു സാംസണ് ഇതുവരെ കളിക്കാനവസരം കിട്ടിയിട്ടില്ല.